തമിഴകത്തിന്റെ സ്വന്തം 'ദളപതി' വിജയ്യുടെ കരിയറിലെ ഏറ്റവും നിർണായക ചിത്രങ്ങളിലൊന്നായ 'ജനനായകൻ' തിയേറ്ററുകളിലേക്ക് എത്തുകയാണ്. മാസങ്ങൾ നീണ്ട ആശങ്കകൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ സെൻസർ ബോർഡിന്റെ അനുമതിനേടി ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ സിനിമാലോകം ആവേശത്തിലാണ്. കടുത്ത നിയന്ത്രണങ്ങളോടെ 'എ' സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.
എന്നാൽ, ഇന്ത്യൻ സെൻസർ ബോർഡിന്റെ കത്രികപ്പൂട്ടിൽ വീഴാത്ത, ഒരു കട്ട് പോലും ഇല്ലാത്ത സിനിമയുടെ യഥാർഥ പതിപ്പ് കാണാൻ ആരാധകർക്ക് വഴിയൊരുങ്ങുകയാണ്. പക്ഷേ അതിനൊരു ചെറിയ നിബന്ധനയുണ്ട്- നിങ്ങൾ ലണ്ടനിലായിരിക്കണം. ഇന്ത്യയിൽ സെൻസർ ബോർഡ് നിർദേശിച്ച 12 മാറ്റങ്ങളോടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. എന്നാൽ വിദേശത്ത്, പ്രത്യേകിച്ച് യുകെയിൽ ചിത്രത്തിന്റെ ഒരു രംഗം പോലും വെട്ടിമാറ്റാതെ പൂർണരൂപത്തിൽ റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ വിവരം.
ചിത്രത്തിന്റെ യുകെ വിതരണക്കാരായ പ്രമുഖ കമ്പനി അഹിംസ എന്റർടെയ്ൻമെന്റ്സ് ആണ് ആരാധകർക്ക് ഈ ആവേശവാർത്ത സമ്മാനിച്ചത്. '15' റേറ്റിങ്ങോടെ, ഒരു കട്ട് പോലുമില്ലാതെ ചിത്രം ജൂലായ് 24-ന് യുകെയിലെ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. പ്രിയ താരത്തിന്റെ ചിത്രം അതിന്റെ പൂർണതയിൽ തന്നെ തിയേറ്ററിൽ ആസ്വദിക്കാമെന്ന സന്തോഷത്തിലാണ് വിദേശത്തുള്ള തമിഴ് സിനിമാ പ്രേമികൾ.
ഇന്ത്യൻ സെൻസർ ബോർഡ് കർശനമായ നിലപാടുകളോടെയാണ് ചിത്രത്തിന് അനുമതി നൽകിയത്. 12 ഓളം വെട്ടിമാറ്റലുകൾ നിർദേശിച്ചതായാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഓഡിയോയിലും വീഡിയോയിലുമുള്ള 'ടിവികെ' പരാമർശങ്ങളും ചില കടുത്ത ഡയലോഗുകളും നീക്കം ചെയ്തിട്ടുണ്ട്. ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രം ഒരു പുസ്തകത്തിന്റെ കവറിൽ പ്രത്യക്ഷപ്പെടുന്ന രംഗം സെൻസർ ബോർഡ് ഒഴിവാക്കാൻ നിർദേശിച്ചു.
സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിനെക്കുറിച്ചുള്ള പരാമർശങ്ങൾക്കും വിലക്ക് വീണിട്ടുണ്ട്. ഇന്ത്യൻ ദേശീയ പതാക നിലത്തു വീഴുന്ന ദൃശ്യവും ഒരു കുട്ടിയെ ദ്രോഹിക്കുന്ന രംഗവും ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സിനിമയിൽ 'ഷീല റാണി' എന്ന് പരാമർശിക്കുന്ന ഭാഗങ്ങളിലെല്ലാം ആ പേര് മാറ്റാനും ബോർഡ് കർശന നിർദേശം നൽകി.
നേരത്തെ ജനുവരി 9-ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചതോടെ റിലീസ് അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഒടുവിൽ നിയമപോരാട്ടത്തിലൂടെയാണ് വിജയ് ചിത്രത്തിന് റിലീസ് വഴി തുറന്നത്. തെന്നിന്ത്യയിലെ മുൻനിര സംവിധായകൻ എച്ച്. വിനോദ് ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം, തെലുങ്കിൽ നന്ദമുരി ബാലകൃഷ്ണ തരംഗം സൃഷ്ടിച്ച 'ഭഗവന്ത് കേസരി'യുടെ ഔദ്യോഗിക റീമേക്കാണെന്നാണ് സൂചനകൾ.