

തമിഴകത്തിന്റെ സ്വന്തം ദളപതിയും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ കരിയറിലെ ഏറ്റവും പ്രാധാന്യമുള്ള പൊളിറ്റിക്കൽ ത്രില്ലർ ചിത്രം 'ജന നായകൻ' ഒടുവിൽ സെൻസർ ബോർഡിന്റെ കടമ്പ കടന്നു. സെൻസർ ബോർഡുമായി കഴിഞ്ഞ ഏഴു മാസമായി നിലനിന്നിരുന്ന കടുത്ത തർക്കങ്ങൾക്കൊടുവിലാണ് 12 പ്രധാന മാറ്റങ്ങളോടെ ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. 'വൺ ലാസ്റ്റ് ടൈം' എന്ന ടാഗ്ലൈനോടെ ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണക്കാരായ അഹിംസ എന്റെർടെയ്ൻമെന്റ്സ് ആണ് ഈ വിവരം പുറത്തുവിട്ടത്.
രാഷ്ട്രീയ പ്രവേശത്തിനുമുമ്പ് വിജയ് അഭിനയിച്ച ചിത്രം എന്ന നിലയിൽ വലിയ രാഷ്ട്രീയ സൂചനകൾ സിനിമയിലുടനീളം ഉണ്ടായിരുന്നു. ഇതിൽ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ 'തമിഴക വെട്രി കഴകം' എന്നതുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള നിരവധി ഡയലോഗുകളും ദൃശ്യങ്ങളും സെൻസർ ബോർഡ് പൂർണമായും വെട്ടിമാറ്റുകയോ മ്യൂട്ട് ചെയ്യുകയോ ചെയ്തിട്ടുണ്ട്.
ചിത്രത്തിൽ വിജയ്യുടെ കഥാപാത്രത്തിന്റെ പേര് 'ദളപതി വെട്രി കൊണ്ടാൻ' എന്നാണ്, ഇതിന്റെ ചുരുക്കപ്പേരാണ് 'ടിവികെ'. 'അംബേദ്കർ സട്ടം' എന്ന ഡയലോഗിന് പകരം 'ടിവികെ സട്ടം' എന്ന് ഉപയോഗിച്ച ഭാഗവും, പുസ്തകത്തിന്റെ കവറിലുള്ള ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രങ്ങളുള്ള ദൃശ്യങ്ങളും മാറ്റാൻ ബോർഡ് കർശന നിർദേശം നൽകി.
ഇന്ത്യൻ ദേശീയ പതാക നിലത്തു വീഴുന്ന തരത്തിൽ ചിത്രീകരിച്ചിരുന്ന വൈകാരികമായ ദൃശ്യം സിനിമയിൽ നിന്ന് പൂർണമായി ഒഴിവാക്കി. 'ഭാഗവതം', 'രംഗനാഥർ', 'ഓം', 'സിലുവൈല' എന്നീ വാക്കുകളും 'ഓപ്പറേഷൻ മേലൂഹ' വിശദീകരിക്കുന്ന ഭാഗത്തെ 'ന്യൂ ഇന്ത്യ' എന്ന പ്രയോഗവും മ്യൂട്ട് ചെയ്യാൻ നിർദേശമുണ്ട്.
ഒരു കുട്ടിക്ക് തീപിടിക്കുന്ന ദൃശ്യവും, ജില്ലാ കളക്ടറുടെ ഔദ്യോഗിക ചിഹ്നത്തെ അനാദരിക്കുന്ന തരത്തിൽ കാണിച്ച രംഗവും മാറ്റി പകരം ദൃശ്യങ്ങൾ ചേർത്തു. ആകെ 20 സെക്കൻഡ് ദൃശ്യങ്ങൾ വെട്ടിമാറ്റുകയും 10 സെക്കൻഡ് പുതിയ ദൃശ്യങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്ത ശേഷമുള്ള ചിത്രത്തിന്റെ അന്തിമ ദൈർഘ്യം 3 മണിക്കൂറും 3 മിനിറ്റും 11 സെക്കൻഡുമാണ്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രത്തിൽ പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമിക്കുന്ന ചിത്രം, റിലീസിന് മുമ്പുണ്ടായ ഓൺലൈൻ പൈറസി ലീക്കുകളെയും സെൻസർ പ്രതിസന്ധികളെയും അതിജീവിച്ച് ജൂലായ് 24-ന് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.