ശബരിമലയുടെ കഥ പറഞ്ഞ മറ്റൊരു സിനിമ കൂടി കോടിത്തിളക്കത്തിലേക്ക്. മലയാളത്തിൽ വൻഹിറ്റായ 'മാളികപ്പുറം' പോലെ അയ്യപ്പനുമായി ചേർത്തുവച്ചൊരുക്കിയ തെലുങ്ക് സിനിമ 'ഇരുമുടി'യാണ് തെന്നിന്ത്യൻ ഹിറ്റായി മാറിയത്. രവി തേജ നായകനായ ‘ഇരുമുടി’ ബോക്‌സ് ഓഫീസിലെ സെൻസേഷണൽ കുതിപ്പ് തുടർന്ന് 200 കോടി ക്ലബ്ബിലേക്ക് എത്തുകയാണ്.
ശബരിമലയുടെ ഭക്തിപശ്ചാലത്തലത്തിൽ വൈകാരികമായ കുടുംബകഥ പറയുന്ന ചിത്രം ആഗോളതലത്തിൽ ഇതിനോടകം 100 കോടി രൂപ പിന്നിട്ടു. ആദ്യ വാരം പൂർത്തിയാകുന്നതിന് മുമ്പ് 120 കോടി രൂപയുടെ നാഴികക്കല്ലും ചിത്രം പിന്നിടുമെന്നാണ് റിപ്പോർട്ടുകൾ. ശിവ നിർവാണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
വാരാന്ത്യത്തിന് ശേഷമുള്ള ദിവസങ്ങളിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയും വൈകാരികമായ പ്രമേയത്തിന്റെ സ്വീകാര്യതയുമാണ് ‘ഇരുമുടി’യുടെ ബോക്‌സ് ഓഫീസ് കുതിപ്പിന് കരുത്തേകുന്നത്.
ചിത്രവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചർച്ചയാകുന്ന ഘടകങ്ങളിലൊന്നാണ് അയ്യപ്പ ബന്ധം. സിനിമയിലെ ഭക്തിപരമായ ഘടകങ്ങളും അയ്യപ്പ വിശ്വാസവുമായി ബന്ധപ്പെട്ട ആത്മീയ വികാരങ്ങളും പ്രേക്ഷകരിൽ ശക്തമായി സ്വാധീനം ചെലുത്തുന്നതായാണ് വിലയിരുത്തൽ. ഇത് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് പ്രകടനത്തിനും കൂടുതൽ ഊർജം പകരുന്നു.
യഷിന്റെ ‘ടോക്സിക്’ റിലീസ് ചെയ്തിട്ടും ‘ഇരുമുടി’യുടെ മുന്നേറ്റത്തിന് കാര്യമായ തിരിച്ചടി നേരിട്ടിട്ടില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. ‘ടോക്സിക്കി‘ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെന്നിരിക്കെ, രവി തേജയുടെ ചിത്രത്തിന് തടസ്സങ്ങളില്ലാതെ ബോക്‌സ് ഓഫീസിൽ സ്വപ്നക്കുതിപ്പ് തുടരാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
കരിയറിലെ പ്രയാസകരമായ ഒരു ഘട്ടത്തിന് ശേഷം രവി തേജയ്ക്ക് ലഭിച്ച ശക്തമായ തിരിച്ചുവരവ് ചിത്രമായും ‘ഇരുമുടി’ ഇതിനോടകം മാറിക്കഴിഞ്ഞു. 200 കോടി ക്ലബ്ബിലേക്കുള്ള ചിത്രത്തിന്റെ യാത്രയിൽ വരാനിരിക്കുന്ന രണ്ടാം വാരാന്ത്യം നിർണായകമാകും. ചിത്രത്തിൽ മലയാളിയായ ബാലതാരം നക്ഷത്രയാണ് രവി തേജയുടെ മകളായി അഭിനയിക്കുന്നത്. വൻപ്രശംസയാണ് ഈ കുട്ടിയുടെ പ്രകടനത്തിന് ലഭിക്കുന്നത്.
‘ഇരുമുടി’ 200 കോടി ക്ലബ്ബിൽ ഇടം നേടിയാൽ അത് രവി തേജയ്ക്കും തെലുങ്ക് സിനിമയ്ക്കും ഒരുപോലെ അഭിമാനകരമായ നേട്ടമാകും. കുടുംബവികാരങ്ങളും ഭക്തിസാന്ദ്രമായ പ്രമേയവും അയ്യപ്പ വിശ്വാസത്തിന്റെ ശക്തിയും ഒത്തുചേർന്ന ചിത്രം ഈ സീസണിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയഗാഥകളിലൊന്നായി മാറിയിരിക്കുകയാണ്.