ഡൊണാൾഡ് ട്രംപും നന്ദമൂരി ബാലകൃഷ്ണയും. എഐ ഉപയോ​ഗിച്ച് സംയോജിപ്പിച്ചത് പ്രതീകാത്മക ചിത്രം
Telugu

ബാലയ്യയെ പോലെ ആക്രമിച്ച് അമേരിക്കയെ തകർക്കും; വൈറലായി ഇറാൻ എംബസിയുടെ വീഡിയോ

പപ്പപ്പ റിപ്പോര്‍ട്ടര്‍

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് ഇതുവരെ അയവുവന്നിട്ടില്ല. ആഗോളതലത്തിൽ തന്നെ വലിയ വാർത്താപ്രാധാന്യത്തോടെ തുടരുന്ന വിഷയത്തിൽ ഇപ്പോൾ തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണയും ഇടംപിടിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലാണ് ആരാധകരുടെ പ്രിയപ്പെട്ട ബാലയ്യയെ ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോ ചർച്ചയാകുന്നത്.

ഇറാന്റെ ചെറുത്തുനിൽപ്പിൽ അസംതൃപ്തനായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ സൈനിക ശക്തി ഉപയോഗിച്ച് ഇറാനെ പൂർണമായും തകർക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്കയുമായുള്ള സംഘർഷവുമായി ബന്ധപ്പെട്ട് ഇറാൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള വിവിധ പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇതിനിടെയാണ് സിംബാബ്‌വെയിലെ ഇറാൻ എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽനിന്ന് വ്യത്യസ്തമായൊരു പോസ്റ്റ് പുറത്തുവന്നത്.

സിംബാബ്‌വെയിലെ ഇറാൻ എംബസിയുടെ എക്സ് പോസ്റ്റ്

നന്ദമൂരി ബാലകൃഷ്ണ നായകനായി 2023-ൽ പുറത്തിറങ്ങിയ ‘ഭഗവന്ത് കേസരി’ എന്ന ചിത്രത്തിലെ ഒരു വീഡിയോയാണ് സിംബാബ്‌വെയിലെ ഇറാൻ എംബസി സോഷ്യൽ മീഡിയ അക്കൗണ്ട് പങ്കുവച്ചത്. അമേരിക്കയിൽനിന്നുള്ള ഭീഷണികളെ നേരിടാൻ ഇറാൻ തയ്യാറാണെന്ന സന്ദേശം നൽകുന്ന രീതിയിലായിരുന്നു വീഡിയോ.

'ട്രംപ് ഇറാനെ തകർക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ ഇറാൻ നിരായുധരല്ലെന്ന് അദ്ദേഹത്തിനറിയാം. ഹോളിവുഡിന് പകരം അടുത്തിടെ ഞങ്ങൾ ബോളിവുഡ് കാണുകയാണെന്ന് അറിയിച്ചിരുന്നല്ലോ' എന്നായിരുന്നു വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്.

സിംബാബ്‌വെയിലെ ഇറാൻ എംബസിയുടെ എക്സ് പോസ്റ്റ്

വില്ലന്മാരുടെ വെടിയുണ്ടകളെ ഓടയുടെ മൂടി കൊണ്ട് തടയുന്ന ബാലയ്യ അവരുടെ വെടിയുണ്ടകളെല്ലാം തീർന്നപ്പോൾ സ്വതസിദ്ധമായ ശൈലിയിൽ പ്രത്യാക്രമണം നടത്തുന്ന രം​ഗമാണ് വീഡിയോയിലുള്ളത്. സം​ഗതി കാണുമ്പോൾ ചിരിവരുമെങ്കിലും അമേരിക്കയുടെ ആക്രമണങ്ങളെ നേരിടാൻ തങ്ങൾ തയ്യാറാണെന്ന സന്ദേശം നൽകുന്നതിനാണ് ഇറാൻ എംബസി ‘ഭഗവന്ത് കേസരി’യിലെ ബാലകൃഷ്ണയുടെ വീഡിയോ ഉപയോഗിച്ചതെന്നാണ് സോഷ്യൽ മീഡിയയിലെ പോസ്റ്റിൽനിന്ന് വ്യക്തമാകുന്നത്. തമാശകലർത്തി വളരെ ​ഗൗരവമുള്ളൊരു വിഷയംതന്നെ അവതരിപ്പിക്കുകയായിരുന്നു അവർ.

നന്ദമൂരി ബാലകൃഷ്ണ

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ആഗോളതലത്തിൽ വലിയ ചർച്ചയായി തുടരുന്നതിനിടെയാണ് ബാലകൃഷ്ണയുടെ സിനിമയിലെ രംഗം ഇറാൻ എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. പ്രതീക്ഷിക്കാത്ത ഈ നീക്കമാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാൻ കാരണം.