'ശ്രീ ശ്രീ' പോസ്റ്ററിൽ ദുൽഖർ സൽമാനും പൂജ ​​ഹെ​ഗ്ഡെയും കടപ്പാട്-ഫേസ്ബുക്ക്
Telugu

വിശാഖപട്ടണത്ത് ദുൽഖറിനെ വളഞ്ഞ് ആരാധകർ; 'ശ്രീ ശ്രീ' ലൊക്കേഷനിൽ സംഘർഷം

പപ്പപ്പ റിപ്പോര്‍ട്ടര്‍

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പുതിയ തെലുങ്ക് ചിത്രമായ 'ശ്രീ ശ്രീ'യുടെ ചിത്രീകരണത്തിനിടെ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കാണാനും സെല്‍ഫിയെടുക്കാനും ആരാധകരുടെ വന്‍ തിരക്ക്. സുരക്ഷാവലയം ഭേദിച്ച് നടന്റെ അടുത്തേക്ക് എത്തുവാന്‍ വനിതാ ആരാധകര്‍ ശ്രമിച്ചതോടെ സുരക്ഷാ ജീവനക്കാരും ടീമംഗങ്ങളും കടുത്ത സമ്മര്‍ദത്തിലായി.

വിശാഖപട്ടണത്തിലെ ഔട്ട്ഡോര്‍ ലൊക്കേഷനില്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ കാറില്‍ ദുല്‍ഖര്‍ എത്തിയപ്പോഴാണ് സംഭവം. നടനെ കണ്ടതോടെ തടിച്ചുകൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് ആരാധിക സുരക്ഷാ ജീവനക്കാരെ മറികടന്ന് 'ഫോട്ടോ പ്ലീസ്' എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് അടുത്തേക്കു ചെന്നു. എന്നാല്‍ സാഹചര്യം നിയന്ത്രണവിധേയമാക്കാന്‍ നടന്റെ ടീമംഗങ്ങളും സെക്യൂരിറ്റിയും ഉടന്‍ തന്നെ ഇവരെ പിന്നിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന്, കാരവാനിലേക്കു നടന്നുപോയ ദുല്‍ഖറിന് ചുറ്റും സെക്യൂരിറ്റി ജീവനക്കാര്‍ കവചം തീര്‍ത്തു. ഈ സമയത്തും നടന്റെ പേര് വിളിച്ച് പലരും പിന്നാലെയെത്തിയിരുന്നു.

ദുൽഖർ സൽമാൻ

തുടക്കത്തില്‍ സെറ്റില്‍ നേരിയ സംഘര്‍ഷാവസ്ഥ നിലനിന്നുവെങ്കിലും, പിന്നീട് ദുല്‍ഖര്‍ ആരാധകരെ കാണാന്‍ തയ്യാറായി. ആരാധകര്‍ക്കൊപ്പം സെല്‍ഫികള്‍ പകര്‍ത്തിയ താരം, അവര്‍ക്ക് കൈകൊടുക്കുകയും ചെയ്തു. ആന്ധ്രയുടെ പാരമ്പര്യരീതി അനുസരിച്ച് ആരാധകന്‍ സമ്മാനിച്ച പൊന്നാടയും താരം സ്വീകരിച്ചു

'ശ്രീ ശ്രീ' പോസ്റ്റർ

നവാഗതനായ രവി നിലകുടിറ്റി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക. എസ്എല്‍വി സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുറിയാണ് നിര്‍മാണം. രമ്യാ കൃഷ്ണന്‍, ജഗപതി ബാബു, ദീക്ഷിത് ഷെട്ടി, റാവു രമേശ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.