ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമാകുന്ന പുതിയ തെലുങ്ക് ചിത്രം 'ശ്രീ ശ്രീ'യുടെ വിദേശ ചിത്രീകരണം പൂര്‍ത്തിയായി. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ഷെഡ്യൂളിനുശേഷം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഹൈദരാബാദില്‍ തിരിച്ചെത്തി.
ദുല്‍ഖര്‍ സല്‍മാന്‍, പൂജ ഹെഗ്‌ഡെ, ദീക്ഷിത് ഷെട്ടി തുടങ്ങിയവര്‍ പങ്കെടുത്ത ഈ വിദേശ ഷെഡ്യൂളോടെ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ജി.വി. പ്രകാശ് കുമാര്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.
നവാഗതനായ രവി നെലകുടിറ്റി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം എസ്എല്‍വി സിനിമാസിന്റെ ബാനറില്‍ സുധാകർ ചെറുകുറിയാണ് നിര്‍മിക്കുന്നത്. നിര്‍മാണക്കമ്പനിയുടെ പത്താമത് ചിത്രമാണിത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും 'ബൊമ്മ ബൊമ്മ' എന്ന ഗാനവും വലിയ ശ്രദ്ധ നേടിയിരുന്നു. പൂജ ഹെഗ്‌ഡെയുടെ കരിയറിലെ സുപ്രധാന കഥാപാത്രങ്ങളിലൊന്നായിരിക്കും ഇതിലേതെന്നാണ് വിവരങ്ങള്‍.
'ലക്കി ഭാസ്‌കര്‍' എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിനുശേഷം ദുല്‍ഖര്‍ സല്‍മാന്റേതായി പുറത്തുവരാനിരിക്കുന്ന പ്രധാന തെലുങ്ക് പ്രൊജക്റ്റുകളില്‍ ഒന്നാണ് 'ശ്രീ ശ്രീ'. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ഒരേസമയം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഹിന്ദി പതിപ്പും പരിഗണനയിലുണ്ട്.