

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ പാന്‍-ഇന്ത്യന്‍ ചിത്രത്തിന്റെ ടൈറ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതുവരെ 'DQ41' എന്ന് താത്കാലികമായി വിളിച്ചിരുന്ന ചിത്രത്തിന് 'ശ്രീ ശ്രീ' എന്നാണ് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
നവാഗതനായ രവി നെലകുടിറ്റി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലൂടെ ദുര്‍ഖര്‍ സല്‍മാനും സൗത്ത് ഇന്ത്യന്‍ ക്വീന്‍ പൂജ ഹെഗ്ഡെയും ആദ്യമായി ഒന്നിക്കുകയാണ്. ഒരു ടെറസിന്റെ മുകളില്‍ സ്‌കൂള്‍ യൂണിഫോമില്‍ ഇരിക്കുന്ന ദുല്‍ഖറിനെയും പൂജയെയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാന്‍ കഴിയുക. പൂജ പൊട്ടിച്ചിരിക്കുമ്പോള്‍ ലജ്ജയോടെ താഴേക്ക് നോക്കുന്ന ദുല്‍ഖറിന്റെ ഭാവം, ഒരു സുന്ദരമായ ക്യാമ്പസ് പ്രണയകഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 'ശ്രീ ശ്രീ'യിലൂടെ പ്രണയം കൂടുതല്‍ സ്‌പെഷ്യല്‍ ആകുമെന്ന കുറിപ്പോടെയാണ് നിര്‍മാതാക്കള്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
എസ്എല്‍വി സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകൂരി നിര്‍മിക്കുന്ന ചിത്രം നിത്യവിസ്മയ പ്രണയകാവ്യമായിരിക്കുമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. രമ്യാ കൃഷ്ണന്‍, ദീക്ഷിത് ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിനു സംഗീതം ഒരുക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം തിയേറ്ററുകളിലെത്തും.