'ആകാംശലോ ഒക താര' സക്സസ് മീറ്റിൽ തെലുങ്ക് സിനിമയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് വികാരനിർഭരമായി സംസാരിച്ച് ദുൽഖർ സൽമാൻ. 'മഗധീര', 'ഈഗ', 'ബാഹുബലി' തുടങ്ങിയ ചിത്രങ്ങളാണ് തെലുങ്ക് സിനിമയുടെ കഥപറച്ചിലിന്റെ മികവ് തനിക്ക് പരിചയപ്പെടുത്തിയതെന്ന് വിശിഷ്ടാതിഥിയായ എസ്.എസ്.രാജമൗലിയെ സാക്ഷിയാക്കി അദ്ദേഹം ഓർത്തെടുത്തു. രാജമൗലിയുടെ ചലച്ചിത്രസങ്കല്പത്തെയും വിനയത്തെയും പ്രശംസിച്ച ദുൽഖർ, 'ഒരു സംവിധായകനെന്ന നിലയിൽ മാത്രമല്ല, മനുഷ്യനെന്ന നിലയിലും അദ്ദേഹം അദ്ഭുതമാണ്' എന്നും പറഞ്ഞു.
തന്നെ ഒരിക്കലും പുറത്തുനിന്നുള്ള ഒരാളായി തോന്നിപ്പിക്കാത്ത തെലുങ്ക് പ്രേക്ഷകർക്ക് ദുൽഖർ നന്ദി അറിയിച്ചു. അവരുടെ പിന്തുണ അർഥവത്തായ സിനിമകൾ തിരഞ്ഞെടുക്കാൻ തനിക്ക് പ്രചോദനമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അഭിനയത്തെക്കുറിച്ച് അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനുപകരം നല്ല സിനിമകൾക്ക് മുൻഗണന നൽകണമെന്ന വിശ്വാസമാണ് തനിക്കെന്നും ദുൽഖർ കൂട്ടിച്ചേർത്തു.
തെലുങ്ക് സിനിമയിൽ പ്രവർത്തിക്കണോ എന്ന കാര്യത്തിൽ ആശങ്കയിലായിരുന്ന സമയത്ത് തനിക്ക് പിന്തുണ നൽകിയ സ്വപ്നയ്ക്ക് ദുൽഖർ നന്ദി അറിയിച്ചു. സ്വപ്ന സിനിമ, ഗീത ആർട്സ് എന്നിവരാണ് ചിത്രത്തിന്റെ അവതാരകർ. അല്ലു അരവിന്ദിനോടും ഗുന്നം ഗംഗരാജുവിനോടും അദ്ദേഹം കടപ്പാട് പ്രകടിപ്പിച്ചു. വിവിധ നിർമാണ കമ്പനികൾക്കിടയിലെ സഹകരണ മനോഭാവത്തെയും അദ്ദേഹം അഭിനന്ദിച്ചു.
സംവിധായകൻ പവൻ സദിനേനിയുടെ പോസിറ്റീവ് സമീപനത്തെയും മറ്റുള്ളവരുടെ സംഭാവനകളെ അംഗീകരിക്കുന്ന മനോഭാവത്തെയും ദുൽഖർ പ്രശംസിച്ചു. 'സ്വന്തം നേട്ടങ്ങളെക്കുറിച്ച് നിങ്ങൾ അധികം സംസാരിക്കാറില്ല. ചെറിയ സംഭാവനകൾ പോലും തിരിച്ചറിഞ്ഞ് ഓരോരുത്തരെയും അഭിനന്ദിക്കാൻ നിങ്ങൾ ശ്രദ്ധിക്കുന്നു. അത് വളരെ അപൂർവമായൊരു ഗുണമാണ്'- ദുൽഖർ പറഞ്ഞു.
നായിക സാത്വിക വീരവല്ലിയെയും ദുൽഖർ അഭിനന്ദിച്ചു. കഴിവും ബുദ്ധിശക്തിയും പ്രായത്തിനപ്പുറമുള്ള പക്വതയുമുള്ള വ്യക്തിയാണ് സാത്വികയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സിനിമയിലെ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തിൽനിന്ന് വ്യത്യസ്തമായിരുന്നു തങ്ങളുടെ ഓഫ് സ്ക്രീൻ സൗഹൃദമെന്നും അവർക്കൊപ്പം പ്രവർത്തിച്ചത് തനിക്ക് ഏറെ പഠിക്കാനുള്ള അനുഭവമായിരുന്നെന്നും ദുൽഖർ പറഞ്ഞു.