

'ആകാശംലോ ഒക താര'യുടെ വിജയാഘോഷച്ചടങ്ങിൽ ചിത്രത്തിന്റെ വൈകാരികമായ കഥപറച്ചിലിനെയും താരങ്ങളുടെ പ്രകടനങ്ങളെയും പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത രാജമൗലി, ചിത്രത്തിന്റെ തിരക്കഥയും പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്ന വൈകാരിക മുഹൂർത്തങ്ങളെക്കുറിച്ച് വാചാലനായി.
ചിത്രത്തിന്റെ ഭാഗമാകുന്നതിൽ ദുൽഖർ സൽമാൻ നൽകിയ സംഭാവനയെ രാജമൗലി പ്രത്യേകം പരാമർശിച്ചു. 'നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഈ ചിത്രം ഉണ്ടാകുമായിരുന്നില്ല. ഇത്ര മനോഹരമായ ഒരു കഥ നമുക്ക് കാണാനും കഴിയുമായിരുന്നില്ല' എന്നായിരുന്നു ദുൽഖറിനോടുള്ള അദ്ദേഹത്തിന്റെ വാക്കുകൾ. തെലുങ്ക് പ്രേക്ഷകർ ഹൃദയപൂർവം സ്വീകരിച്ച താരമാണ് ദുൽഖറെന്നും ചിത്രം സാധ്യമാക്കിയതിന് നന്ദിയുണ്ടെന്നും രാജമൗലി പറഞ്ഞു.
ചിത്രത്തിലെ വിവിധ വൈകാരിക സന്ദർഭങ്ങളെ മനോഹരമായി കോർത്തിണക്കുന്നതിൽ തിരക്കഥ വലിയ പങ്കുവഹിച്ചുവെന്ന് രാജമൗലി പറഞ്ഞു. 'ഈ ചിത്രത്തിന്റെ കഥ ഹൃദയസ്പർശിയാണ്. അത് പ്രേക്ഷകരുമായി വളരെ വേഗം സംവദിക്കും. എന്നാൽ ആ വികാരങ്ങൾ പ്രേക്ഷകരിലേക്ക് ഇത്ര മനോഹരമായി എത്തിക്കുന്നതിൽ തിരക്കഥയ്ക്ക് വലിയ പങ്കുണ്ട്'-അദ്ദേഹം പറഞ്ഞു.
കല്പന എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട പ്ലാനറ്റേറിയം രംഗം തന്നെ ഏറെ ആകർഷിച്ചതായി രാജമൗലി പറഞ്ഞു. ഒരു ബഹിരാകാശ സഞ്ചാരിയുടെ വിരലിന്റെ ദൃശ്യാവിഷ്കാരവും പിന്നീട് താനാണ് തന്റെ ചെറുപ്പകാലത്തെ തന്നിലേക്ക് കൈ നീട്ടുന്ന ബഹിരാകാശ സഞ്ചാരിയെന്ന് കല്പന തിരിച്ചറിയുന്ന മുഹൂർത്തവും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ഭാര്യയെ പഠിക്കാൻ സഹായിക്കുമെന്ന കൃഷ്ണന്റെ വാഗ്ദാനം കഥ മുന്നോട്ടുപോകുമ്പോൾ കൂടുതൽ വൈകാരിക പ്രാധാന്യം നേടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാസറിനെ കല്പന ഫോണിൽ വിളിക്കുന്ന രംഗവും രാജമൗലിയെ ആഴത്തിൽ സ്പർശിച്ചുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തം. ആ രംഗത്തിലെ വൈകാരിക സത്യസന്ധതയെ അദ്ദേഹം പ്രശംസിച്ചു. ചിത്രത്തിലെ സംഭാഷണങ്ങളും പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്ന ചെറിയ മുഹൂർത്തങ്ങളും സംവിധായകൻ പ്രത്യേകം അഭിനന്ദിച്ചു.
റുഹാനി ശർമയുടെ അഭിനയത്തിൽ താൻ അത്രത്തോളം മുഴുകിപ്പോയെന്നും അതിനാൽ സബ്‌ടൈറ്റിൽ പോലും വായിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രുതിയുടെ പ്രകടനത്തെയും അഭിനന്ദിച്ച രാജമൗലി സാത്വിക വീരവല്ലിക്ക് ഇന്ത്യൻ സിനിമയിൽ വലിയ ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു.