'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' ടീസറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Telugu

മാന്ത്രികച്ചെപ്പ് തുറന്ന് രാജമൗലി; തെലുങ്കിൽ ജാലവിദ്യ കാട്ടാൻ ഫഹദ്

പപ്പപ്പ ഡസ്‌ക്‌

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ഫഹദ് ഫാസിലിന്റെ പുതിയ തെലുങ്ക് ചിത്രം 'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' സിനിമയുടെ ആകാംക്ഷയുണര്‍ത്തുന്ന ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകന്‍ എസ്.എസ്. രാജമൗലിയാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ കൗതുകമുണര്‍ത്തുന്ന ടീസര്‍ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്. ഫാന്റസിയും തമാശയും ഒത്തുചേരുന്ന ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

ഒരു കൊച്ചു പെണ്‍കുട്ടിയുടെയും അവളെ അദ്ഭുതപ്പെടുത്താന്‍ ശ്രമിക്കുന്ന 'സൂരി' എന്ന ജാലവിദ്യക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ സൂരിയായി ഫഹദ് ഫാസില്‍ നിറഞ്ഞാടുമ്പോള്‍, അദ്ദേഹത്തോടൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ നവാഗതയായ സാറ പലേക്കര്‍ എന്ന ബാലതാരവുമെത്തുന്നു. സൂരിയുടെ ചില മാന്ത്രികവിദ്യകളിലൂടെ പെണ്‍കുട്ടിക്ക് അമാനുഷിക ശക്തികള്‍ ലഭിക്കുന്നതും തുടര്‍ന്ന് ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരവും സാഹസികവുമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' പോസ്റ്ററിൽ നിന്ന്

ശശാങ്ക് യെലേതി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ അര്‍ക്ക മീഡിയ വര്‍ക്‌സ് ആണ്. 'ബാഹുബലി' പോലെയുള്ള ദൃശ്യവിസ്മയങ്ങള്‍ സമ്മാനിച്ച ശോഭു യര്‍ലഗഡ്ഡയും പ്രസാദ് ദേവിനേനിയും രാജമൗലിയുടെ മകൻ എസ്.എസ്. കാര്‍ത്തികേയയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഓസ്‌കാര്‍ ജേതാവ് എം.എം. കീരവാണിയുടെ മകനും പ്രശസ്ത സംഗീതജ്ഞനുമായ കാലഭൈരവയാണ് ചിത്രത്തിന് ഈണമിടുന്നത്.

'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' ടീസർ പോസ്റ്റർ

വില്ലന്‍ വേഷങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഫഹദ് ഫാസില്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ 11-ന് തിയേറ്ററുകളിലെത്തും.