ചിരഞ്ജീവി ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Telugu

'സിനിമയിൽ കാസ്റ്റിങ് കൗച്ചില്ല'; വിവാദപരാമർശവുമായി ചിരഞ്ജീവി

പപ്പപ്പ റിപ്പോര്‍ട്ടര്‍

തെലുങ്ക് ചലച്ചിത്രലോകത്തെ പിടിച്ചുലച്ച് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട പരാമര്‍ശം. ടോളിവുഡില്‍ മാത്രമല്ല, വിവാദം പിന്നീട് ഇന്ത്യന്‍ ചലച്ചിത്രലോകത്തും വിലയ ചര്‍ച്ചയായി. സിനിമയില്‍ 'കാസ്റ്റിങ് കൗച്ച്'എന്നൊന്നില്ലെന്നും ആര്‍ക്കെങ്കിലും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അവരുടെ പെരുമാറ്റദൂഷ്യം കൊണ്ടാണെന്നുമായിരുന്നു ചിരഞ്ജീവിയുടെ വിവാദപരാമർശം. ജനുവരി 25ന് തന്റെ പുതിയ ചിത്രമായ 'മന ശങ്കര വരാപ്രസാദ് ഗാരു'വിന്റെ വിജയാഘോഷത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. 'ചലച്ചിത്രമേഖല ഒരു കണ്ണാടി പോലെയാണെന്നും നമ്മള്‍ എന്തു നല്‍കുന്നോ അതു തിരിച്ചു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിരഞ്ജീവിയുടെ വാക്കുകള്‍: 'കാസ്റ്റിങ് കൗച്ച് എന്നൊന്നില്ല. എല്ലാം നിങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കും. പ്രൊഫഷണലായി പെരുമാറിയാല്‍ മറ്റുള്ളവരും നിങ്ങളോട് അങ്ങനെ തന്നെ പെരുമാറും. ആരെങ്കിലും ഇവിടെ പരാജയപ്പെടുകയോ മോശം അനുഭവങ്ങള്‍ ഉണ്ടായെന്ന് പറയുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് അവരുടെ തന്നെ തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്...'

ചിരഞ്ജീവി

ചിരഞ്ജീവിയുടെ പരാമര്‍ശം പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. താരത്തിന്റെ പ്രസ്താവന 'ഇരകളെ കുറ്റപ്പെടുത്തുന്നതും' അതീവ ഗുരുതരവുമാണെന്ന് പലരും ചൂണ്ടിക്കാട്ടി. പ്രശസ്ത ഗായിക ചിന്മയി ശ്രീപദ ചിരഞ്ജീവിയുടെ വാദങ്ങളെ ശക്തമായി എതിര്‍ത്തു. ഇന്‍ഡസ്ട്രിയില്‍ കാസ്റ്റിങ് കൗച്ച് വ്യാപകമാണെന്നും, 'കമ്മിറ്റ്‌മെന്റ്' നല്‍കാന്‍ തയാറാകാത്ത സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ടെന്നും ചിന്മയി എക്‌സില്‍ കുറിച്ചു.

അതേസമയം, തെലുങ്ക് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയില്‍ അന്വേഷണം വേണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയരുന്നുണ്ട്. ചിരഞ്ജീവിയെപ്പോലെ വലിയ സ്വാധീനമുള്ള ഒരാള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് സിസ്റ്റത്തിലെ പിഴവുകളെ മൂടിവയ്ക്കാനാണെന്നും വിമര്‍ശകര്‍ പറയുന്നു.