ചിരഞ്ജീവി ഫോട്ടോകടപ്പാട്-വിക്കിപ്പീഡിയ
Telugu

ലോകത്തിലെ ഏറ്റവും വലിയ സിനിമാസ്ക്രീൻ ഒരുക്കാൻ ചിരഞ്ജീവിയും ഏഷ്യൻ സിനിമാസും

പപ്പപ്പ റിപ്പോര്‍ട്ടര്‍

തെലങ്കാനയിലെ പ്രമുഖ തിയേറ്റർ ശൃംഖലകളിലൊന്നായ ഏഷ്യൻ സിനിമാസ് ഇനി മെഗാസ്റ്റാർ ചിരഞ്ജീവിക്കൊപ്പവും. മഹേഷ് ബാബു, അല്ലു അർജുൻ, വിജയ് ദേവരകൊണ്ട തുടങ്ങിയ സൂപ്പർതാരങ്ങളുമായി നേരത്തെ തന്നെ സഹകരിച്ചിട്ടുള്ള ഏഷ്യൻ സിനിമാസും മെഗാസ്റ്റാർ ചിരഞ്ജീവിയും ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വമ്പൻ പദ്ധതിക്കാണ് കൈകോർക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സിനിമാ സ്ക്രീൻ ഒരുക്കുകയാണ് ഇരുവരുടെയും ലക്ഷ്യം; അതും ഹൈദ്രാബാദിൽ.

ഇന്ത്യയുടെ സിനിമാ തലസ്ഥാനം എന്നറിയപ്പെടുന്ന ഹൈദ്രാബാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ അത്യാഡംബര പ്രോപ്പർട്ടിയിലാണ് ഈ വമ്പൻ സംരംഭം ഒരുങ്ങുന്നത്. പ്രേക്ഷകർക്ക് ഇതുവരെ ലഭിച്ചിട്ടില്ലാത്ത തരത്തിലുള്ള അത്യുഗ്രൻ സിനിമാനുഭവമായിരിക്കും ഇവിടെ ഒരുക്കുക. ഏഷ്യൻ ചിരഞ്ജീവി സിനിമാസ് (എസിസി) അല്ലെങ്കിൽ ഏഷ്യൻ മെഗാസ്റ്റാർ സിനിമാസ് (എഎംസി) എന്ന പേരിലായിരിക്കാം പുതിയ തിയേറ്റർ അറിയപ്പെടുക.

ഏഷ്യൻ സിനിമാസ് ലോ​ഗോ

നിലവിൽ ജർമനിയിലെ ട്രോംപലാസ്റ്റ് ലിയോൺബർഗിനാണ്, പ്രവർത്തിക്കുന്ന സിനിമാ തിയേറ്ററുകളിലെ ഏറ്റവും വലിയ സ്ക്രീനിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്. 127 അടി വീതിയും 69 അടി ഉയരവുമുള്ള സ്ക്രീനാണിവിടെയുള്ളത്. ഏകദേശം 8,770 ചതുരശ്ര അടി വിസ്തീർണമുള്ള സ്ക്രീനിൽ 574 റിക്ലൈനർ സീറ്റുകളാണുള്ളത്. ഐമാക്സ് ഡ്യുവൽ ലേസർ സാങ്കേതികവിദ്യയും ഇവിടെ ഉപയോഗിക്കുന്നു.

ജർമനിയിലെ ട്രോംപലാസ്റ്റ് ലിയോൺബർ​ഗ് തീയറ്റർ

അമേരിക്കയിലെ ജോർജിയയിലെ പൂളറിലുള്ള റോയൽ സിനിമാസ് 14 ഐമാക്സ് ഡ്യുവൽ ലേസറിലുമുണ്ട് മറ്റൊരു കൂറ്റൻ സ്ക്രീൻ. 101 അടി വീതിയും 76.2 അടി ഉയരവുമുള്ള ഈ സ്ക്രീനിന് ഏകദേശം 7,696 ചതുരശ്ര അടി വിസ്തീർണമുണ്ട്. 363 റിക്ലൈനർ സീറ്റുകളാണ് ഇവിടെയുള്ളത്.

അമേരിക്കയിലെ റോയൽ സിനിമാസ്

ഹൈദ്രാബാദിൽ നിർദേശിക്കപ്പെട്ടിരിക്കുന്ന ഏഷ്യൻ സിനിമാസ്–ചിരഞ്ജീവി പദ്ധതിയും അതിന്റെ വമ്പൻ ആകൃതിയുടെ പേരിൽ ഇപ്പോൾ തന്നെ ശ്രദ്ധ നേടുകയാണ്. നിലവിലെ പദ്ധതിയനുസരിച്ചുള്ള സ്ക്രീൻ ജർമനിയിലെയും അമേരിക്കയിലെയും ഈ വമ്പൻ സ്ക്രീനുകളുടെ വലുപ്പത്തെ മറികടക്കുകയോ അതിന് തുല്യമാകുകയോ ചെയ്താൽ ഹൈദ്രാബാദിന്റെ പേര് ആഗോള സിനിമാ ഭൂപടത്തിൽ ഇടംപിടിക്കും.

​ഗണേശചതുർഥി ആഘോഷത്തിനെത്തിയ ചിരഞ്ജീവിക്കൊപ്പം ഏഷ്യൻസിനിമാസ് സാരഥികൾ

അത്യാഡംബര പ്രോപ്പർട്ടിയെക്കുറിച്ചും നിർമിക്കാനിരിക്കുന്ന കൂറ്റൻ സ്ക്രീനിന്റെ സവിശേഷതകളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.