

ഇന്ത്യന്‍ ചലച്ചിത്രലോകത്ത് സാങ്കേതിക വിപ്ലവത്തിനു തുടക്കം കുറിച്ച് രാജ്യത്തെ ഏറ്റവും നൂതനമായ മോഷന്‍ ക്യാപ്ചര്‍ സൗകര്യം ഹൈദരാബാദിലെ അക്കിനേനി അന്നപൂര്‍ണ സ്റ്റുഡിയോസില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത സംവിധായകന്‍ എസ്.എസ്. രാജമൗലി ആണ് അത്യാധുനിക ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മഹേഷ് ബാബുവും പ്രിയങ്ക ചോപ്രയും പ്രധാന വേഷങ്ങളിലെത്തുന്ന തന്റെ പുതിയ ചിത്രമായ 'വാരണാസി'യുടെ നിര്‍ണായക ഭാഗങ്ങള്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രീകരിച്ചതെന്ന് രാജമൗലി വെളിപ്പെടുത്തി.
അന്നപൂര്‍ണ സ്റ്റുഡിയോസും നിര്‍മാതാവ് ശോഭു യര്‍ലഗദയുടെ മിഹിര വിഷ്വല്‍ ലാബ്‌സുമാണ് ഈ സംരംഭത്തിനു പിന്നില്‍. ഹോളിവുഡ് ചിത്രങ്ങളായ അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം, സ്‌പൈഡര്‍മാന്‍: നോ വേ ഹോം തുടങ്ങിയവയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച അനിമട്രിക് ഫിലിം ഡിസൈന്‍ ആണ് സാങ്കേതിക സഹായം നല്‍കുന്നത്.
ഉദ്ഘാടന വേളയില്‍ തന്റെ മുന്‍കാല ചിത്രങ്ങളെക്കുറിച്ച് രാജമൗലി വികാരാധീനനായി സംസാരിച്ചു: 'ബാഹുബലി, ഈച്ച തുടങ്ങിയ സിനിമകള്‍ ചെയ്യുന്ന സമയത്ത് ഇത്തരം സാങ്കേതിക സൗകര്യങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കില്‍ അവ ഒന്നുകൂടി മികച്ചതാക്കാമായിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. ഇന്ത്യയില്‍ മികച്ച സാങ്കേതിക പ്രവര്‍ത്തകരുണ്ടെങ്കിലും ലോകനിലവാരത്തിലുള്ള ഇത്തരം ലാബുകളുടെ കുറവ് വലിയൊരു പോരായ്മയായിരുന്നു. എന്നാല്‍ ഇനി നമുക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമകള്‍ ഇവിടെ നിര്‍മിക്കാം.'
സിനിമയുടെ ഷൂട്ടിങ്ങിനു മുമ്പു തന്നെ ഓരോ രംഗവും കൃത്യമായി പ്ലാന്‍ ചെയ്യാന്‍ സഹായിക്കുന്ന പ്രീ-വിഷ്വലൈസേഷന്‍ ടൂള്‍ ആയാണ് ലാബ് പ്രവര്‍ത്തിക്കുന്നത്. അഭിനേതാക്കളുടെ ചലനങ്ങള്‍ അതേപടി ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റാമെന്നുള്ളതാണ് പ്രധാന പ്രത്യേകത. ഷൂട്ടിങ് സെറ്റിലെ പരീക്ഷണങ്ങള്‍ ഒഴിവാക്കി സമയം ലാഭിക്കുകയും ചെയ്യാം. സയന്‍സ് ഫിക്ഷന്‍, ഫാന്റസി സിനിമകള്‍ക്ക് പരിധിയില്ലാത്ത സാധ്യതകള്‍ നല്‍കാനും ലാബ് സഹായകമാകും.
അന്നപൂര്‍ണ സ്റ്റുഡിയോസ് 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ സിനിമയെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ലാബ് ഒരുക്കിയതെന്ന് നടന്‍ നാഗാര്‍ജുന പറഞ്ഞു.
സിനിമകള്‍ക്ക് പുറമെ ഗെയിമിങ്, ആനിമേഷന്‍ രംഗത്തുള്ളവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഹൈദരാബാദിനെ ഇന്ത്യന്‍ സിനിമയുടെ സാങ്കേതിക ആസ്ഥാനമാക്കി മാറ്റുന്നതില്‍ ലാബ് നിര്‍ണായക പങ്കുവഹിക്കുമെന്നാണ് താരങ്ങള്‍ പറയുന്നത്.