തെലുങ്ക് സിനിമയിൽ ശ്രദ്ധിക്കേണ്ട യുവതാരങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു മലയാളി നടികൂടി എത്തുകയാണ്- മലയാളത്തിന്റെ പ്രിയനായിക അനശ്വര രാജൻ. ഇപ്പോൾ തെലുങ്ക് സിനിമയിലെ സംവിധായകരുടെയും നിർമാതാക്കളുടെയും പ്രിയപ്പെട്ട ചോയ്സായി മാറിക്കൊണ്ടിരിക്കുകയാണ് അനശ്വര.
ഇതുവരെ ഒരു തെലുങ്ക് ചിത്രം മാത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. അരങ്ങേറ്റ ചിത്രമായ 'ചാമ്പ്യൻ' ബോക്സ് ഓഫീസിൽ കാര്യമായ ചലനം സൃഷ്ടിച്ചിരുന്നില്ല. എന്നിട്ടും മികച്ച സാധ്യതകളുള്ള തെലുങ്ക് ചിത്രങ്ങളാണ് അനശ്വരയെ തേടിയെത്തുന്നത്. ഇതാണ് തെലുങ്കിൽ അനശ്വരയുടെ വളർച്ചയെ ശ്രദ്ധേയമാക്കുന്നത്.
ചിരഞ്ജീവി നായകനാകുന്ന ‘കാക്ക’യിൽ അഭിനയിക്കുകയാണ് അനശ്വര,ഇപ്പോൾ. ‘ഇറ്റ്ലു അർജുന’യാണ് മറ്റൊരു സിനിമ. ഒക്ടോബർ ഒമ്പതിന് ഇത് തിയേറ്ററുകളിലെത്തും. അതിനു പിന്നാലെ സന്തോഷ് ശോഭനൊപ്പം ‘അന്ത രാമുലൂരു ചൂസുകുന്താരു’ എന്ന ചിത്രത്തിലും അനശ്വര നായികയാകുന്നു. ഇതിന്റെ പോസ്റ്ററുകൾ ടോളിവുഡിൽ ശ്രദ്ധനേടിക്കഴിഞ്ഞു. 'ചിന്നി ചിന്നി' എന്ന ഗാനം യൂട്യൂബിലും തരംഗമായി. അതിനൊപ്പം ചിത്രത്തിലേക്ക് അനശ്വരയെ കൊണ്ടുവന്നതിനെക്കുറിച്ചുള്ള നിർമാതാവ് ധീരജ് മൊഗിലിനേനിയുടെ വാക്കുകളും തെലുങ്ക് സിനിമാ മാധ്യമങ്ങളിൽ നിറയുകയാണ്.
അനശ്വരയ്ക്ക് കഥ ഇഷ്ടപ്പെട്ടിരുന്നെങ്കിലും തുടക്കത്തിൽ ചിത്രത്തിനായി ഡേറ്റ് നൽകാൻ സാധിച്ചിരുന്നില്ലെന്ന് ധീരജ് മൊഗിലിനേനി വെളിപ്പെടുത്തി. എന്നാൽ ഈ കഥാപാത്രത്തിലേക്ക് അനശ്വര തന്നെ വേണമെന്ന കാര്യത്തിൽ അണിയറപ്രവർത്തകർ ഉറച്ചുനിന്നു. തുടർന്ന് ഏകദേശം ആറ് മാസത്തോളം ചർച്ചകൾ തുടർന്ന ശേഷമാണ് അനശ്വര ചിത്രത്തിന് സമ്മതം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ തെലുങ്ക് സിനിമയിൽ അനശ്വര സ്വന്തമാക്കിയിരിക്കുന്ന സ്ഥാനം എത്രത്തോളം ശ്രദ്ധേയമാണെന്ന് ഇത് വ്യക്തമാക്കുന്നു. അതേസമയം, മലയാള സിനിമയിലെ പ്രതിഫലവുമായി താരതമ്യം ചെയ്യുമ്പോൾ തെലുങ്ക് ചിത്രങ്ങൾക്ക് അനശ്വരയ്ക്ക് ഗണ്യമായി ഉയർന്ന പ്രതിഫലമാണ് ലഭിക്കുന്നതെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒടിടിയിലൂടെ മലയാള സിനിമയുമായി തെലുങ്ക് പ്രേക്ഷകർക്ക് കൂടുതൽ അടുപ്പം വന്നതോടെ മലയാളി നടിമാരുടെ സ്വീകാര്യതയും തെലുങ്ക് സിനിമയിൽ വർധിച്ചു. മമിത ബൈജുവും അനശ്വര രാജനും ഈ ട്രെൻഡിലൂടെ നേട്ടമുണ്ടാക്കുന്ന യുവതാരങ്ങളിൽ പ്രധാനികളായി മാറുകയാണ്. സംയുക്ത മേനോൻ,ഐശ്വര്യലക്ഷ്മി,അന്ന ബെൻ തുടങ്ങിയവരും തെലുങ്കിൽ സജീവമാണിപ്പോൾ.