അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും ഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Telugu

'നീ കൂടെയില്ലാതെ ഈ യാത്ര ഇത്ര മനോഹരമാകുമായിരുന്നില്ല':വിവാഹവാർഷികത്തിൽ അല്ലു

പപ്പപ്പ ഡസ്‌ക്‌

പതിനഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ടോളിവുഡിലെ 'സ്‌റ്റൈലിഷ് സ്റ്റാര്‍' അല്ലു അര്‍ജുനും പത്‌നി സ്‌നേഹ റെഡ്ഡിയും. സോഷ്യല്‍ മീഡിയയില്‍ തന്റെ പ്രിയതമയ്ക്ക് താരം നല്‍കിയ സ്‌നേഹനിര്‍ഭരമായ ആശംസ ആരാധകര്‍ ഏറ്റെടുത്തു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സ്‌നേഹയോടുള്ള അടങ്ങാത്ത സ്‌നേഹം അല്ലു അര്‍ജുന്‍ പങ്കുവച്ചത്. 'വിവാഹ വാര്‍ഷിക ആശംസകള്‍ ക്യൂട്ടീ.. ഒരുമിച്ചുള്ള 15 വര്‍ഷങ്ങള്‍..! നീ കൂടെയില്ലാതെ ഈ യാത്ര ഇത്ര മനോഹരമാകുമായിരുന്നില്ല'-അല്ലു കുറിച്ചു.

തെന്നിന്ത്യയിലെ പ്രിയപ്പെട്ട താരദമ്പതികളാണ് അല്ലുവും സ്‌നേഹയും. 11 വയസുകാരന്‍ അയാനും 9 വയസുകാരി അര്‍ഹയും അടങ്ങുന്ന ഇവരുടെ കൊച്ചു കുടുംബത്തിന്റെ വിശേഷങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അല്ലു കുടുംബത്തിന് വെള്ളിയാഴ്ച ഇരട്ടി മധുരത്തിന്റെ ദിനമായിരുന്നു. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷ് ഇന്നലെ വിവാഹിതനായി. സംരംഭകയായ നയനിക റെഡ്ഡിയാണ് വധു. ഹൈദരാബാദില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.

സഹോദരൻ അല്ലു സിരീഷിന്റെ വിവാഹച്ചടങ്ങിൽ അല്ലു അർജുനും കുടുംബവും

കഴിഞ്ഞ ഒക്ടോബറിലാണ് തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം സിരീഷ് ഔദ്യോഗികമായി അറിയിച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞ മാര്‍ച്ച് രണ്ടിനു നടന്ന പ്രീ-വെഡിങ് റിസപ്ഷന്‍ വലിയ വാര്‍ത്തയായിരുന്നു. സിരീഷിന്റെ വിവാഹ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നവദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും എത്തിയിരുന്നു. വിവാഹത്തിനു മുന്നോടിയായി നടന്ന വിരുന്നിലെ പ്രധാന ആകര്‍ഷണവും ഇവരായിരുന്നു. തങ്ങളുടെ വിവാഹത്തിനു ശേഷം പൊതുവേദിയില്‍ ഇരുവരും ഒന്നിച്ചെത്തിയത് ആരാധകരെ ആവേശത്തിലാഴ്ത്തി.

ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും അല്ലു അര്‍ജുന്‍ നന്ദി പറഞ്ഞു. 'ലോകമെമ്പാടുമുള്ള ആരാധകര്‍ നല്‍കുന്ന സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും അല്ലു കുടുംബത്തിന്റെ നന്ദി'-അല്ലു അര്‍ജുന്‍ കുറിച്ചു.