ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര'(എഒടി)യെ ഒറ്റവാചകത്തിൽ വിശേഷിപ്പിക്കണമെങ്കിൽ, ചിത്രത്തിലെ ഒരു ഗാനത്തിലെ 'കല ഗാനേ കനുലകേ അലസതേ തെലിയദേ'(സ്വപ്നം കാണുന്ന മിഴികൾക്ക് തളർച്ചയറിയില്ല) എന്ന വരികളേക്കാൾ മികച്ച മറ്റൊന്നില്ല. സ്വപ്നങ്ങൾക്കു മുന്നിൽ സ്വന്തം നാടിന്റെ പിൻകോഡ് പോലും ഒരു തടസ്സമാകുമോ? അസാധ്യമെന്ന് തോന്നുന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരു സ്ത്രീക്ക് എത്രത്തോളം മുന്നോട്ടുപോകാനാകും? പുരുഷാധിപത്യമുള്ള ലോകത്ത് നേട്ടങ്ങൾ കൈവരിക്കാൻ കുടുംബസ്വത്തും തലമുറകളായി കൈമാറിക്കിട്ടിയ സമ്പത്തുമെല്ലാം ഉപേക്ഷിക്കേണ്ടിവരുമോ? പതിവിൽനിന്ന് വ്യത്യസ്തമായ സ്വപ്നങ്ങൾ കാണുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? പങ്കാളിയുടെ സ്വപ്നങ്ങൾക്ക് നിരുപാധികം പിന്തുണ നൽകുന്ന ഒരാൾക്ക് അതിനായി എത്രത്തോളം ത്യാഗം ചെയ്യാനാകും? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്.
ഈ വിഷയങ്ങളെല്ലാം ഏറെ ഹൃദയസ്പർശിയായ രീതിയിലാണ് സിനിമ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയിൽ അണിയറപ്രവർത്തകർക്ക് തുടക്കം മുതൽ അവസാനം വരെ പൂർണ വിശ്വാസമുണ്ടായിരുന്നുവെന്ന് സിനിമയുടെ അവതരണത്തിൽനിന്ന് വ്യക്തമാണ്. സംഭാഷണങ്ങൾ, അഭിനേതാക്കളുടെ പ്രകടനം, പശ്ചാത്തലസംഗീതം, കൃത്യമായ ഇടവേളകളിൽ കടന്നുവരുന്ന വൈകാരിക മുഹൂർത്തങ്ങൾ എന്നിവയെല്ലാം പരസ്പരം മികച്ച രീതിയിൽ ഇഴചേർന്ന് പ്രേക്ഷകർക്ക് അർഥവത്തും പ്രചോദനാത്മകവുമായ സിനിമാനുഭവം സമ്മാനിക്കുന്നു.
ചില ഘട്ടങ്ങളിൽ കഥാഗതിയിൽ പ്രവചനാത്മകത അനുഭവപ്പെടുകയും, വേഗം അല്പം കുറയുകയും ചെയ്യുന്നുണ്ടെങ്കിലും സത്യസന്ധവും പ്രചോദനാത്മകവുമായ ആഖ്യാനത്തിലൂടെ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. ഏറ്റവും പ്രധാനമായി, സിനിമയുടെ ഉള്ളടക്കം ഹൃദയസ്പർശിയാണ്.
'ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യന്റെ തോളുകളിൽ നിന്നുകൊണ്ടാണ് എനിക്ക് എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായത്' എന്ന് സാത്വിക വീരവല്ലിയുടെ കല്പന പറയുന്ന രംഗം ചിത്രത്തിന്റെ വൈകാരികമായ ഉയർച്ചകളിലൊന്നാണ്. കല്പനയുടെ വാക്കുകളോട് പ്രേക്ഷകർക്കും പൂർണമായി യോജിക്കാനാകും.
കല്പനയ്ക്ക് തുണയായി നില്കുന്ന കൃഷ്ണ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രുതി ഹാസൻ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. അറിയാതെ കണ്ണുനിറയുന്ന തരത്തിൽ പങ്കാളിയുടെ സ്നേഹത്തിന്റെയും പിന്തുണയുടെയും ആഴം അനുഭവിപ്പിക്കുന്ന മുഹൂർത്തത്തിലാണ് ചിത്രം അവസാനിക്കുന്നത്.
പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രം സന്ദീപ് ഗുന്നം, രമ്യ ഗുന്നം എന്നിവർ ചേർന്നാണ് നിർമിച്ചത്. സ്വപ്ന സിനിമ, ഗീത ആർട്സ് എന്നിവരാണ് ചിത്രത്തിന്റെ അവതാരകർ. തെലുങ്കിനു പുറമേ മലയാളം,തമിഴ്,ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം.