വിജയ് ത​മി​ഴ​ക വെ​ട്രി ക​ഴ​കം യോ​ഗത്തിൽ ഫോട്ടോ കടപ്പാട്-എഎൻഐ
Tamil

'അതൊന്നും വകവയ്‌ക്കേണ്ടതില്ല...'- വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ച് വിജയ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

വിവാഹമോചന വാര്‍ത്തകളോടും തൃഷയുമായുള്ള ബന്ധത്തോടും ആദ്യമായി പ്രതികരിച്ച് തമിഴക സൂപ്പര്‍താരവും ടിവികെ നേതാവുമായ വിജയ്. വനിതാ ദിനത്തോടനുബന്ധിച്ച് പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് വിജയ് മനസുതുറന്നത്. തന്നെ ലക്ഷ്യമിട്ടുള്ള ആരോപണങ്ങളില്‍ തളരാതെ ജനകീയ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താരം അണികളോട് ആഹ്വാനം ചെയ്തു.

തനിക്കെതിരെയുള്ള വിവാദങ്ങളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് വിജയ് പറഞ്ഞതിങ്ങനെ:'കുറച്ചു ദിവസങ്ങളായി ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ. ആ ആരോപണങ്ങളോട് പൊരുതി നിങ്ങള്‍ വേദനിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. സത്യത്തില്‍ നിങ്ങള്‍ വേദനിക്കുന്നത് കാണുമ്പോഴാണ് എനിക്കു സങ്കടം. അതൊക്കെ ഞാന്‍ നോക്കിക്കൊള്ളാം. നമുക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാം. ഇത്തരം കാര്യങ്ങള്‍ വകവയ്‌ക്കേണ്ടതില്ല. ആത്മവിശ്വാസത്തോടെ ഇരിക്കൂ. നല്ലതു മാത്രമേ സംഭവിക്കൂ...'

വിജയ് യും തൃഷയും

പ്രസംഗം വലിയ കൈയടികളോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. നേരിട്ട് വിവാഹമോചനത്തെക്കുറിച്ചും തൃഷയുമായുള്ള ബന്ധത്തെക്കുറിച്ചും പരാമര്‍ശിച്ചില്ലെങ്കിലും, തന്നെ വളയുന്ന വിവാദങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയായാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിജയ് യുടെ പ്രതികരണം വരുന്നതിനു മുമ്പ്, ഭാര്യ സംഗീത ചെങ്കല്‍പേട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വിവാഹമോചന നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍, ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ഭര്‍തൃവീട്ടില്‍ താമസിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് സംഗീതയുടെ ആവശ്യം.

വിജയും തൃഷയും തമിഴ് സിനിമാനിർമാതാവ് കല്‍പ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ വിരുന്നില്‍

താന്‍ ബ്രിട്ടീഷ് പൗരയാണെന്നും ചെന്നൈയില്‍ നിലവില്‍ മറ്റ് താമസസൗകര്യങ്ങള്‍ ഇല്ലെന്നും സംഗീത ഹര്‍ജിയില്‍ ബോധിപ്പിച്ചു. സമാധാനപരമായ വേര്‍പിരിയലിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും കോടതിയെ സമീപിച്ചാല്‍ വീട്ടില്‍ നില്‍ക്കാന്‍ അനുവദിക്കില്ലെന്ന് വിജയ് യുടെ അഭിഭാഷകന്‍ സൂചിപ്പിച്ചതായും സംഗീത ആരോപിക്കുന്നു. നിലവിലെ വീട്ടില്‍ തുടരാന്‍ അനുവദിക്കണം അല്ലെങ്കില്‍ സമാനമായ മറ്റൊരു താമസസൗകര്യം വിജയ് ഒരുക്കി നല്‍കണം എന്നതാണ് പ്രധാന ആവശ്യം.

വിജയ് യും സം​ഗീതയും

വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സംഗീത ഉന്നയിച്ചിരിക്കുന്നത്. ഒരു നടിയുമായുള്ള വഴിവിട്ട ബന്ധം, മാനസിക പീഡനം, അവഗണന തുടങ്ങിയ കാര്യങ്ങള്‍ വിവാഹമോചന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആവശ്യമാണെങ്കില്‍ പ്രസ്തുത നടിയെ കേസില്‍ കക്ഷി ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസ് ഏപ്രില്‍ 20ന് കോടതി പരിഗണിക്കും.