

തൃഷയുമായുള്ള ബന്ധമാണ് വിജയ് യുടെ ഭാര്യ സംഗീതയെ വിവാഹമോചന ഹർജിയിലേക്ക് എത്തിച്ചതെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ് ഇളയദളപതിയും തൃഷയും ചെന്നൈയില്‍ നടന്ന വിവാഹവിരുന്നില്‍ ഒരുമിച്ചു പങ്കെടുത്തത്. സംഭവം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്. നിര്‍മാതാവ് കല്‍പ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സത്കാരത്തിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.
വിവാഹച്ചടങ്ങില്‍ പങ്കെടുത്തതിനു പിന്നാലെ തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍. തന്റെ ലുക്കിനു പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന് നന്ദി പറഞ്ഞുകൊണ്ടാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. വിവാഹത്തെക്കുറിച്ചോ വിജയ്‌യുമായുള്ള ഗോസിപ്പുകളെക്കുറിച്ചോ താരം പരാമര്‍ശമൊന്നും നടത്തിയില്ലെങ്കിലും ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിതുറന്നിരിക്കുകയാണ്.
'ഗില്ലി', തിരുപ്പാച്ചി, ആദി, കുരുവി, ലിയോ എന്നിവയാണ് വെള്ളിത്തിരയിലെ ജനപ്രിയജോഡികളുടെ ഹിറ്റുകള്‍. വിവാഹമോചന വാര്‍ത്തകളോട് വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ 'വിജയം സുനിശ്ചിതം' എന്ന് താരം കുറിച്ചിരുന്നു.
വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിനായി ചെങ്കല്‍പേട്ട് ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നു ദിവസങ്ങള്‍ക്കുള്ളിലാണ് പൊതുവേദിയിലെ ഒത്തുചേരല്‍. 26 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനൊരുങ്ങുന്ന സംഗീത, തന്റെ ഹര്‍ജിയില്‍ വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്. ഏപ്രില്‍ 20ന് കോടതി ഈ ഹര്‍ജി പരിഗണിക്കും.