പ്രഭാകരൻ,വിജയ് ഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ
Tamil

പ്രഭാകരന് വിജയ്‌യുടെ ആദരം;രാഹുലിനെ 'ആക്രമിച്ച്' ബിജെപി,പ്രതികരിച്ച് ടിവികെ

പപ്പപ്പ റിപ്പോര്‍ട്ടര്‍

നിരോധിത സംഘടനയായ എല്‍ടിടിഇയുടെ സ്ഥാപകന്‍ വി. പ്രഭാകരന് തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പര്‍താരവുമായ വിജയ് ആദരവര്‍പ്പിച്ചതു വലിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തി. സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിനു പിന്നില്‍ എല്‍ടിടിഇ ആണെന്ന കാര്യം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഓര്‍മിപ്പിച്ചാണ് ബിജെപി കടന്നാക്രമണം നടത്തിയത്.

എന്നാല്‍, വിജയ് യെ പ്രതിരോധിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) രംഗത്തെത്തി. ശ്രീലങ്കയില്‍ കൊല്ലപ്പെട്ട പതിനായിരക്കണക്കിന് തമിഴ് ജനതയെക്കുറിച്ചാണ് വിജയ് പരാമര്‍ശിച്ചതെന്നും, അതു പ്രഭാകരന്റെ ചരമവാര്‍ഷികത്തെ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

2009 മേയ് 18-ന് ആണ് ശ്രീലങ്കന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പ്രഭാകരന്‍ കൊല്ലപ്പെടുന്നത്. പ്രഭാകരന്റെ ചരമവാര്‍ഷിക ദിനത്തില്‍ എക്‌സില്‍ വിജയ് പങ്കുവച്ച കുറിപ്പാണു വിവാദങ്ങള്‍ക്കു കാരണമായത്. 'മുള്ളിവൈക്കാലിന്റെ ഓര്‍മകള്‍ നമ്മള്‍ ഹൃദയത്തില്‍ ചുമക്കും! കടലിനക്കരെ ജീവിക്കുന്ന നമ്മുടെ തമിഴ് സഹോദരങ്ങളുടെ അവകാശങ്ങള്‍ക്കായി നമ്മള്‍ എപ്പോഴും നിലകൊള്ളും' എന്നായിരുന്നു വിജയ്‌യുടെ പോസ്റ്റ്.

വിജയ്‌യുടെ എക്സ് പോസ്റ്റ്

വിജയ്‌യുടെ കുറിപ്പിനു പിന്നാലെ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച സംഘടനയുടെ തലവനാണ് തമിഴ്‌നാട് മുഖ്യമന്ത്രി ആദരവര്‍പ്പിച്ചതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഭരണത്തില്‍ പങ്കുകിട്ടാന്‍ വേണ്ടി കോണ്‍ഗ്രസിന് ഇതിലൊന്നും ഒരു പ്രശ്‌നവുമില്ലെന്നും, മുന്‍പ് എല്‍ടിടിഇ അനുകൂല നിലപാടു സ്വീകരിച്ച ഡിഎംകെയുമായും കോണ്‍ഗ്രസ് സഖ്യത്തിലായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. നിലവില്‍ വിജയ്യുടെ ന്യൂനപക്ഷ സര്‍ക്കാരിനെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കുന്നുണ്ട്.

വിജയ്,പ്രഭാകരൻ

അതേസമയം, വിജയ്‌യുടെ കുറിപ്പ് വിവാദമായതോട വിശദീകരണവുമായി ടിവികെ നേതാക്കള്‍ രംഗത്തെത്തി. വിജയ്‌യുടെ പോസ്റ്റില്‍ എവിടെയും പ്രഭാകരന്റെ പേരു പരാമര്‍ശിച്ചിട്ടില്ലെന്ന് ടിവികെ വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ മുള്ളിവൈക്കാലില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിരപരാധികളായ തമിഴ് ജനതയെ ഓര്‍മിക്കുക എന്നത് ഏതൊരു നേതാവിന്റെയും കടമയാണ്. ആഗോളതലത്തിലുള്ള തമിഴ് ജനവിഭാഗം മേയ് 18 'തമിഴ് വംശഹത്യ അനുസ്മരണ ദിന'മായിട്ടാണ് ആചരിക്കുന്നതെന്നും പാര്‍ട്ടി വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടികള്‍ സാധാരണയായി പ്രഭാകരനെ അനുകൂലിക്കുന്ന നിലപാടുകളില്‍നിന്നു വിട്ടുനില്‍ക്കാറാണു പതിവ്. എന്നാല്‍ പ്രഭാകരനെ അനുകൂലിക്കുന്ന നിലപാടുള്ള വിസികെ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് വിജയ്‌യുടെ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും ശ്രീലങ്കന്‍ തമിഴര്‍ക്കുവേണ്ടി വിജയ് ശക്തമായി സംസാരിച്ചിരുന്നു.