

തെന്നിന്ത്യന്‍ സിനിമാലോകം ആവേശത്തോടെയും ആരാധനയോടെയും നോക്കിക്കണ്ടിരുന്ന ദളപതി വിജയ് ഇനി തമിഴ്‌നാടിന്റെ ഭരണസാരഥി. ഞായറാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ തമിഴ്നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
അധികാരമേറ്റതിനു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓണ്‍ലൈന്‍ ലോകത്തും വിജയ്‌യുടെ പദവിയില്‍ മാറ്റം വന്നു. പ്രമുഖ വിവരശേഖരണ സൈറ്റായ വിക്കിപീഡിയയില്‍ 'ഇന്ത്യന്‍ നടന്‍' എന്ന വിശേഷണം മാറി 'ഇന്ത്യന്‍ രാഷ്ട്രീയനേതാവും മുന്‍ നടനും' എന്നു രേഖപ്പെടുത്തി. സിനിമയേക്കാള്‍ ഉപരിയായി ജനസേവനത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുമെന്ന വിജയ്‌യുടെ പ്രഖ്യാപനത്തിന്റെ ഔദ്യോഗിക മുദ്രയായാണ് ആരാധകര്‍ ഈ തിരുത്തിനെ കാണുന്നത്.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസ്, വിസികെ തുടങ്ങിയ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് വിജയ് സര്‍ക്കാര്‍ രൂപീകരിച്ചത്. സിനിമയില്‍ മുപ്പതിലധികം വര്‍ഷം നീണ്ട തന്റെ കരിയര്‍ അവസാനിപ്പിച്ചാണ് താരം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.
മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തില്‍ തന്നെ ജനകീയമായ നിരവധി പ്രഖ്യാപനങ്ങളാണു വിജയ് നടത്തിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി. ലഹരിമുക്ത തമിഴ്നാടിനായുള്ള കര്‍ശന നടപടികള്‍. സ്ത്രീ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും മുന്‍ഗണന തുടങ്ങിയ പ്രഖ്യാപനങ്ങളാണ് വിജയ് നടത്തിയത്.
'ഞാന്‍ ഒരു മാലാഖയല്ല, നിങ്ങളില്‍ ഒരാളായ സാധാരണക്കാരനാണ്...' എന്ന വിജയ്‌യുടെ വാക്കുകള്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ ആവേശത്തിലാഴ്ത്തി. വിജയ്‌യുടെ പടിയിറക്കത്തോടെ തമിഴ് സിനിമയില്‍ വലിയ ശൂന്യത അനുഭവപ്പെടുമെങ്കിലും, ജനനായകനായി അദ്ദേഹം നടത്തുന്ന പുതിയ ഇന്നിങ്സിനായി കാത്തിരിക്കുകയാണ് തമിഴകം.