തിരുനെൽവേലിയിൽ നടന്ന തമിഴക വെട്രി കഴകത്തിന്റെ വൻ പൊതുസമ്മേളനത്തിൽ രാഷ്ട്രീയ എതിരാളികൾക്കെതിരെയും തന്റെ വ്യക്തിജീവിതത്തിനുനേരെയുണ്ടാകുന്ന ആക്രമണങ്ങൾക്കെതിരെയും ആഞ്ഞടിച്ച് തമിഴ് സൂപ്പർതാരം വിജയ്. കെടിസി നഗറിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് തന്റെ രാഷ്ട്രീയ പോരാട്ടങ്ങളെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ച് ഉയരുന്ന വിവാദങ്ങളെക്കുറിച്ചും താരം മനസുതുറന്നത്.
ഡിഎംകെ സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിജയ് സംസാരിച്ചത്. പുറമെ രണ്ട് പാർട്ടികളായി തോന്നിക്കുമെങ്കിലും ഡിഎംകെയും ബിജെപിയും തനിക്കെതിരെ ഒന്നിച്ചാണു പ്രവർത്തിക്കുന്നതെന്നും, എന്നാൽ യഥാർഥ കോൺഗ്രസ് തന്റെ രാഷ്ട്രീയ യാത്രയിൽ ഒപ്പമുണ്ടെന്നും വിജയ് വ്യക്തമാക്കി. തന്റെ അവസാന ചിത്രമായ 'ജനനായകൻ' തടയാൻ ശ്രമിച്ചവർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാഹമോചനത്തെക്കുറിച്ചുള്ള വാർത്തകൾ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടുള്ള വിജയ്യുടെ വാക്കുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായി. 27 വർഷത്തെ ദാമ്പത്യത്തിനു ശേഷം ഭാര്യ സംഗീതയുമായി വേർപിരിയുന്നു എന്ന വാർത്തകൾക്കിടെയാണ് കുടുംബത്തിന്റെ പിന്തുണ എത്രത്തോളം പ്രധാനമാണെന്ന് അദ്ദേഹം പ്രസംഗിച്ചത്. രാഷ്ട്രീയ എതിരാളികൾ തന്റെ വ്യക്തിജീവിതത്തിൽ ഇടപെടുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കാലത്ത് തന്നെ തകർക്കാൻ അവർ കരുതിക്കൂട്ടിയ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും വിജയ് ആരോപിച്ചു.
തന്റെ കൂടെനിന്ന്, തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്ക് വിജയ് കൃത്യമായ മറുപടി നൽകി. വർഷങ്ങൾക്കുശേഷം തെരഞ്ഞെടുപ്പ് സമയത്ത് തന്റെ സ്വകാര്യ ജീവിതത്തെ ആക്രമിക്കാൻ അവർ കാത്തിരിക്കുകയായിരുന്നുവെന്നും എന്നാൽ ആ നീക്കങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിലെ ഒരു ശക്തിക്കും തന്നെ തൊടാനോ ഈ പ്രസ്ഥാനത്തെ തടയാനോ കഴിയില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സംഗീത നൽകിയ വിവാഹമോചന ഹർജിയെക്കുറിച്ചും അതിലെ ആരോപണങ്ങളെക്കുറിച്ചുമാണ് വിജയ് സൂചിപ്പിച്ചതെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു. 2025 ഡിസംബറിൽ സമർപ്പിച്ച ഹർജി കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറംലോകം അറിഞ്ഞത്.