'കത്തി' എന്ന സിനിമയിലെ പോലീസ് സ്റ്റേഷൻ രം​ഗത്തിൽ വിജയ് കടപ്പാട്-എക്സ്
Tamil

അടിവസ്ത്രം മാത്രം ധരിച്ചുനിന്ന വിജയ്; 'കത്തി'വേഷത്തിന്റെ ഓർമയുമായി മുരുകദോസ്

പപ്പപ്പ ഡസ്‌ക്‌

തമിഴ് സിനിമാ ലോകത്തെ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നാണ് വിജയ് യും എ.ആര്‍. മുരുകദോസും. തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളിലൂടെ ബോക്സ് ഓഫീസില്‍ വലിയ വിജയം കൊയ്ത ഇരുവരും ഒന്നിച്ച് ചെയ്ത സിനിമകളിലെ അനുഭവങ്ങള്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ 2014ല്‍ പുറത്തിറങ്ങിയ 'കത്തി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ വിജയ് യുടെ അര്‍പ്പണബോധത്തെക്കുറിച്ച് മുരുകദോസ് പങ്കുവെച്ച രസകരമായൊരു ഓര്‍മയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

കത്തിയിലെ പോലീസ് സ്റ്റേഷന്‍ രംഗത്തില്‍ വിജയ് യുടെ കഥാപാത്രം അടിവസ്ത്രം മാത്രം ധരിച്ച് നില്‍ക്കേണ്ട ഒരു ഭാഗമുണ്ടായിരുന്നു. തന്റെ താരപദവി ഒട്ടും നോക്കാതെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി വിജയ് കാണിച്ച ആത്മാര്‍ഥത മുരുകദോസ് ഓര്‍ത്തെടുത്തു. ആ രംഗത്തിനായി വിജയ് ഒരു ലോക്കല്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ നിന്ന് ചെറിയൊരു അടിവസ്ത്രം വാങ്ങി ധരിച്ചെത്തുകയും ഇത് മതിയോ എന്ന് തന്നോട് ചോദിക്കുകയും ചെയ്തു. വിജയ്യുടെ ഈ രൂപം കണ്ട് താന്‍ ശരിക്കും ഞെട്ടിപ്പോയെന്ന് മുരുകദോസ് പറയുന്നു.

'കത്തി' എന്ന സിനിമയിലെ പോലീസ് സ്റ്റേഷൻ രം​ഗത്തിൽ വിജയ്

'ദൈവമേ... ഇത് കുറച്ച് കൂടുതലാണ്, ആരാധകര്‍ നമ്മളെ വെറുതെ വിടില്ല...' എന്ന് തമാശയായി വിജയ് യോട് പറഞ്ഞ മുരുകദോസ്, അത്രയും ചെറിയ വസ്ത്രത്തിനു പകരം ഒരു ബോക്‌സര്‍ ഷോര്‍ട്‌സ് ധരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. വിജയ് യെപ്പോലൊരു വലിയ താരം ഇത്തരമൊരു വേഷത്തില്‍ സ്‌ക്രീനില്‍ വരുന്നത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ് യെ അഭിനന്ദിക്കാൻ എ.ആര്‍. മുരുകദോസ് എത്തിയപ്പോൾ

പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്നോ ആരാധകര്‍ കളിയാക്കുമെന്നോ ഉള്ള യാതൊരു ആശങ്കയും വിജയ്ക്ക് ഉണ്ടായിരുന്നില്ല. ഒരു സംവിധായകന്‍ വിചാരിക്കുന്നതിലും ആഴത്തില്‍ ആ കഥാപാത്രത്തിന് എന്താണോ ആവശ്യം അത് നല്‍കാന്‍ വിജയ് എപ്പോഴും തയാറായിരുന്നുവെന്നും തന്റെ താരപരിവേഷം ഒരിക്കലും അഭിനയത്തിന് തടസമാകാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ലെന്നും മുരുകദോസ് പ്രശംസിച്ചു.

വിജയ് യും എ.ആര്‍. മുരുകദോസും 'സർക്കാർ' എന്ന സിനിമയുടെ സെറ്റിൽ

കൊല്‍ക്കത്ത ജയിലില്‍ നിന്ന് രക്ഷപ്പെടുന്ന കതിരേശന്‍ എന്ന ക്രിമിനലും കോര്‍പ്പറേറ്റിനെതിരെ സമരം ചെയ്യുന്ന ജീവാനന്ദം എന്ന സാമൂഹിക പ്രവര്‍ത്തകനും തമ്മിലുള്ള ആള്‍മാറാട്ടത്തിന്റെ കഥയായിരുന്നു കത്തി. ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രത്തില്‍ സാമന്ത, സതീഷ്, നീല്‍ നിതിന്‍ മുകേഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.