വൈരമുത്തു ഫോട്ടോ കടപ്പാട്-വൈരമുത്തു ഫേസ്ബുക്ക് പേജ്
Tamil

വൈരം പതിച്ച തൂലികയുടെ ഉടയോന്‍,ദൃശ്യങ്ങള്‍ക്ക് ആത്മാവ് പകരുന്ന കാവ്യശില്പി

പപ്പപ്പ റിസര്‍ച്ച് ടീം

തമിഴ് ചലച്ചിത്രഗാനങ്ങളുടെ ചരിത്രമെഴുതുമ്പോള്‍, ഭാവതീവ്രതകൊണ്ടു ഗാനശാഖയെ അടയാളപ്പെടുത്തിയ ഒരേയൊരു പേര് 'വൈരമുത്തു' എന്നാണ്. അഞ്ചു പതിറ്റാണ്ടിലേറെയായി തമിഴ്‌സിനിമയുടെ താളവും ഭാവവും നിശ്ചയിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് പകരംവയ്ക്കാനാകാത്തതാണ്. വെറും ഗാനരചയിതാവ് എന്നതിലുപരി, ദൃശ്യങ്ങള്‍ക്ക് ആത്മാവ് പകരുന്ന കാവ്യശില്പിയാണ് വൈരമുത്തു.

1980-ല്‍ 'നിഴല്‍കള്‍' എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തേക്ക് കടന്നുവന്ന വൈരമുത്തു, തൊട്ടടുത്ത ദശകങ്ങളില്‍ തമിഴ് സിനിമാഗാനങ്ങളുടെ ഭാഷ തന്നെ മാറ്റിയെഴുതുന്ന അതികായനായി മാറി. പ്രണയവികാരങ്ങളെയും ജീവിതദര്‍ശനങ്ങളെയും ലളിതമായ, എന്നാല്‍ അഗാധമായ അര്‍ഥതലങ്ങളുള്ള വാക്കുകളിലേക്ക് ചുരുക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. പ്രകൃതിയെയും മനുഷ്യവികാരങ്ങളെയും കോര്‍ത്തിണക്കുന്ന രചനാരീതി സിനിമാഗാനങ്ങളെ കേവലം വിനോദം എന്നതിലുപരി, ആസ്വാദകന്റെ മനസു കീഴടക്കുന്ന കവിതകളാക്കി മാറ്റി.

ഇളയരാജ, എ.ആര്‍. റഹ്‌മാന്‍ തുടങ്ങിയവരുമായുള്ള അദ്ദേഹത്തിന്റെ സംഗമം തമിഴ് സിനിമയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തി. 'റോജ', 'ബോംബെ', 'കന്നത്തില്‍ മുത്തമിട്ടാല്‍', 'എന്തിരന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ വൈരമുത്തു-റഹ്‌മാന്‍ കൂട്ടുകെട്ട് സൃഷ്ടിച്ച ഗാനങ്ങള്‍ ഇന്നും മലയാളികള്‍ ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ പ്രേക്ഷകരുടെ മനസില്‍ മായാതെനില്‍ക്കുന്നു.

വൈരമുത്തു രജനികാന്തിനൊപ്പം

ഏറ്റവും കൂടുതല്‍ തവണ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള വൈരമുത്തു, 5800-ലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. കേവലം റൊമാന്റിക് ഗാനങ്ങള്‍ മാത്രമല്ല, സാമൂഹികവും രാഷ്ട്രീയവുമായ പ്രതിബദ്ധതയുള്ള വരികളും അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നു. ഭരണകൂടത്തെയും സാമൂഹിക അനാചാരങ്ങളെയും വിമര്‍ശിക്കുന്ന ഗാനങ്ങളിലൂടെ തമിഴ് സിനിമയിലെ പ്രതിഷേധ ശബ്ദമായും അദ്ദേഹം മാറി.

വൈരമുത്തു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനൊപ്പം

സിനിമ അദ്ദേഹത്തിന് കേവലം ഒരു ഇടം മാത്രമായിരുന്നു. തമിഴ് മണ്ണിന്റെ ചരിത്രത്തെയും മനുഷ്യജീവിതത്തിന്റെ അകംകാഴ്ചകളെയും അക്ഷരങ്ങളിലൂടെ അദ്ദേഹം ആവിഷ്‌കരിച്ചു. 'കള്ളിക്കാട്ടു ഇതിഹാസം' പോലെയുള്ള നോവലുകളിലൂടെ സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം സ്വന്തമാക്കിയ അദ്ദേഹം, ഗാനരചനയെയും സാഹിത്യത്തെയും ഒരേ മികവോടെ തനിക്കു വഴങ്ങുന്നതാക്കി. തമിഴ്‌വികാരങ്ങളെ അക്ഷരങ്ങളാല്‍ കോര്‍ത്തുവച്ച വൈരമുത്തു, ഇന്നും ആസ്വാദകരുടെ ഹൃദയത്തില്‍ തിളങ്ങുന്ന, രത്‌നങ്ങളില്‍ സവിശേഷമായ 'വൈരം' തന്നെയാണ്.

വൈരമുത്തുവും കമൽഹാസനും

സിനിമയിലും സാഹിത്യത്തിലും പതിറ്റാണ്ടുകളായി സജീവമായ വൈരമുത്തു, തന്റെ തനിമയാര്‍ന്ന ശൈലിയിലൂടെ ലോകമെമ്പാടുമുള്ള തമിഴ്മക്കള്‍ക്കു പ്രിയങ്കരനാണ്. വൈരമുത്തുവിന്റെ ഈ നേട്ടം തമിഴ് കലാ-സാഹിത്യ ലോകത്ത് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. തമിഴ്‌സാഹിത്യത്തിന് വൈരമുത്തു നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍ക്കുള്ള അര്‍ഹമായ അംഗീകാരമാണിതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് കമല്‍ഹാസന്‍ പ്രിയ സുഹൃത്തിന് ആശംസകളറിയിച്ചത്. 'കവിതകളാല്‍ തമിഴ്ഹൃദയങ്ങളെ കീഴടക്കിയ കവിപ്പേരരശ് വൈരമുത്തുവിന് ജ്ഞാനപീഠം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഇത് തമിഴ് ഭാഷയ്ക്കു ലഭിച്ച വലിയൊരു ബഹുമതി കൂടിയാണ്-'കമല്‍ഹാസന്‍ കുറിച്ചു.