തമിഴ് സിനിമയും രാഷ്ട്രീയവും എന്നും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. കടുത്ത മത്സരവും പോർവിളികളും പകയും പ്രതികാരവുമെല്ലാം അടങ്ങിയ ദ്രാവിഡരാഷ്ട്രീയം നദി പോലെ കലങ്ങിയും തെളിഞ്ഞും ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഇപ്പോൾ റിലീസിനൊരുങ്ങുന്ന 'TN 2026 - തങ്കൈ നക്ഷത്രം' എന്ന ചിത്രം, സമാനതകളില്ലാത്ത പോരിനാണ് വഴിവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിൽ തമിഴക വെട്രി കഴകം (ടിവികെ ) നേതാവ് വിജയ്യെ പരിഹസിക്കുന്നു എന്ന ആരോപണം ഉയർന്നതോടെ ദ്രാവിഡമണ്ണ് രാഷ്ട്രീയ യുദ്ധക്കളമായി മാറിയിരിക്കുകയാണ്.
നടരാജ് (നട്ടി) അവതരിപ്പിക്കുന്ന 'ഗോൾഡൻ സ്റ്റാർ ഗുൽക്കണ്ട് കുമാർ' എന്ന കഥാപാത്രമാണ് വിവാദങ്ങളുടെ കേന്ദ്രബിന്ദു. ടീസറിൽ നട്ടിയുടെ വേഷവിധാനവും, നരച്ച മുടിയും, ജനക്കൂട്ടത്തെ നോക്കി കൈവീശുന്ന ശൈലിയുമെല്ലാം വിജയിയുടെ പകർപ്പാണെന്നാണ് ആരാധകർ പറയുന്നത്.
'ഡേയ് സിനിമാക്കാരൻ പയലേ... ഇത് തമിഴ്നാടാണ്, ഇവിടെ നിനക്ക് ജീവിക്കാം, പക്ഷേ ഭരിക്കാൻ നോക്കരുത്...' എന്ന സംഭാഷണം വിജയ്യെ ലക്ഷ്യമിട്ടെന്നാണ് ടിവികെ അണികൾ ഉറച്ചുവിശ്വസിക്കുന്നത്.
വിജയ് തന്റെ പ്രസംഗത്തിൽ ഡിഎംകെയെ കടന്നാക്രമിക്കാൻ ഉപയോഗിച്ച 'ഓം ശക്തി പരാശക്തി' എന്ന വചനം ടീസറിന്റെ അവസാനം പരിഹാസരൂപേണ ഉപയോഗിച്ചതും ആരാധകരെ ചൊടിപ്പിച്ചു. ഇതിനു പിന്നിൽ ബിജെപിയുടെയും ഡിഎംകെയുടെയും കൃത്യമായ അജണ്ടയുണ്ടെന്ന് ടിവികെ നേതാവ് ആദവ് അർജുന തുറന്നടിച്ചു.
വിജയിയെ അപകീർത്തിപ്പെടുത്താനുള്ള ഈ നീക്കം ബോക്സ് ഓഫീസിൽ പരാജയപ്പെടുമെന്നും, മുൻപ് പുറത്തിറങ്ങിയ 'പരാശക്തി' എന്ന സിനിമയുടെ അതേ ഗതി തന്നെയാകും ഈ ചിത്രത്തിനെന്നും അദ്ദേഹം പരിഹസിച്ചു.
ഉമാപതി രാമയ്യ സംവിധാനം ചെയ്ത ചിത്രത്തിൽ തമ്പി രാമയ്യ, എം.എസ്. ഭാസ്കർ, യാഷിക ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ഏപ്രിൽ 10-ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നുണ്ടോയെന്നു പരിശോധിച്ചേക്കും. എന്തായാലും തമിഴ് സിനിമയിലെ ഈ 'ഓഫ് സ്ക്രീൻ' ഡ്രാമ വരും ദിവസങ്ങളിൽ കൂടുതൽ കടുക്കുമെന്ന് ഉറപ്പാണ്.