രജനികാന്തും കമൽഹാസനും ഫോട്ടോ-അറേഞ്ച്ഡ്
Tamil

രജനികാന്ത്-കമല്‍ഹാസന്‍ ചിത്രം 'തലൈവര്‍ 173' ഷൂട്ടിങ് ഏപ്രിലില്‍ തുടങ്ങും

പപ്പപ്പ റിപ്പോര്‍ട്ടര്‍

സൂപ്പര്‍സ്റ്റാര്‍ രജനികാന്തും ഉലകനായകന്‍ കമല്‍ ഹാസനും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം തലൈവര്‍ 173-ന്റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. പൊങ്കല്‍ ദിനത്തില്‍ തന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യവെയാണ് രജനികാന്ത് ഇക്കാര്യം അറിയിച്ചത്. ചിത്രം പൂര്‍ണമായും മാസ് എന്റര്‍ടെയ്നര്‍ ആയിരിക്കും. സിബി ചക്രവര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ സുന്ദര്‍ സി. സംവിധാനം ചെയ്യുമെന്ന് കരുതിയിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം പ്രോജക്ടില്‍നിന്ന് പിന്മാറുകയായിരുന്നു.

കമല്‍ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലെ രണ്ട് ഇതിഹാസങ്ങള്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. യുവാക്കളുടെ ഹരമായ അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിനു സംഗീതം നിര്‍വഹിക്കുന്നത്.

എല്ലാ കുടുംബത്തിലും ഒരു ഹീറോ ഉണ്ട്- എന്നതാണ് സിനിമയുടെ ടാ​ഗ് ലൈൻ. പൊങ്കല്‍ ആശംസകള്‍ നേരുന്നതിനൊപ്പം കര്‍ഷകരെക്കുറിച്ചും രജനികാന്ത് സംസാരിച്ചു: 'രാജ്യത്തിന്റെ നട്ടെല്ലാണ് കര്‍ഷകര്‍. അവര്‍ സന്തോഷമായിരുന്നാല്‍ മാത്രമേ ബാക്കിയുള്ളവര്‍ക്കും സന്തോഷമുണ്ടാകൂ...' രജനികാന്ത് പറഞ്ഞു. തമിഴ് സിനിമയിലെ രണ്ടു സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമാചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുമെന്നാണു വിലയിരുത്തല്‍.