വെള്ളിത്തിരയില്‍ കുടുംബബന്ധങ്ങളുടെയും വൈകാരിക മുഹൂര്‍ത്തങ്ങളുടെയും പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് സൂര്യ ചിത്രം 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ബോക്സ് ഓഫീസില്‍ തരംഗമാകുന്നു. ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തില്‍ 200 കോടിയലധികം രൂപ കളക്ഷന്‍ നേടി വിജയക്കുതിപ്പ് തുടരുകയാണ്. 'ലക്കി ഭാസ്കറി'നുശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം, സിതാര എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സൂര്യദേവാര നാഗവംശിയും സായ് സൗജന്യയും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
വിവാഹ ജീവിതത്തോടു വിമുഖത കാണിക്കുന്ന സഞ്ജയ് വിശ്വനാഥ് എന്ന അന്താരാഷ്ട്ര ഷൂട്ടറായ കഥാപാത്രമായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. അമ്മയുടെ ആഗ്രഹപ്രകാരം വാടക ഗര്‍ഭധാരണത്തിലൂടെ സഞ്ജയ് ഒരു കുഞ്ഞിനെ സ്വീകരിക്കുന്നുണ്ടെങ്കിലും, അപ്രതീക്ഷിതമായി കുഞ്ഞിന് വരുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും തുടര്‍ന്ന് സഞ്ജയ് വാടകഗർഭപാത്രത്തിന്റെ ഉടമയായ മാഡിയെ (മമിത ബൈജു) തേടിയിറങ്ങുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മുതിര്‍ന്ന തലമുറയും പുതിയ തലമുറയും തമ്മിലുള്ള ബന്ധങ്ങളും വൈകാരികമായ സങ്കീര്‍ണതകളും വളരെ രസകരമായി സ്ക്രീനിലേക്ക് പകര്‍ത്തിയതാണ് സിനിമയുടെ പ്രധാന വിജയം. സൂര്യയും മലയാളി താരം മമിത ബൈജുവും തമ്മിലുള്ള ഓണ്‍സ്ക്രീന്‍ കെമിസ്ട്രിയും കഥാപാത്രങ്ങള്‍ തമ്മിലുള്ള വൈകാരിക രംഗങ്ങളും പ്രേക്ഷകരുടെ മനസു കീഴടക്കി കഴിഞ്ഞു. തമിഴിന് പുറമെ തെലുങ്കിലും ഒരേസമയം ഒരുക്കിയ ചിത്രത്തില്‍ രാധിക ശരത്കുമാര്, രവീണ ഠണ്ടന്, സുനില്‍, നാസര്‍, ഭവാനി ശ്രീ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ജി.വി. പ്രകാശ് കുമാറിന്റെ മനോഹരമായ സംഗീതവും നിമിഷ് രവിയുടെ ഛായാഗ്രഹണവും ചിത്രത്തിന്റെ മൂഡിനെ വേറൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. വാരാന്ത്യങ്ങളില്‍ കുടുംബ പ്രേക്ഷകരുടെ വന്‍ ഒഴുക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെട്ടത്. സമീപകാലത്ത് ഇറങ്ങിയതില്‍ വെച്ച് ഏറ്റവും ഹൃദ്യമായ ഒരു ഫാമിലി എന്റര്ടെയ്നര് എന്ന പ്രേക്ഷക അഭിപ്രായം കൂടിയായതോടെ വരും ദിവസങ്ങളിലും ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കുമെന്ന ഉറപ്പിലാണ് ട്രേഡ് അനലിസ്റ്റുകള്‍.