തമിഴകത്തിന്റെ പ്രിയതാരം സൂര്യയുടെ നായികയായി, 'സീൻ' എന്ന ചിത്രത്തിലൂടെ നസ്രിയ നസിം വീണ്ടും കോളിവുഡിലേക്കു തിരിച്ചെത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടയിൽ നസ്രിയയെക്കുറിച്ചുള്ള രസകരമായ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് സൂര്യ.
നസ്രിയയോടൊപ്പം അഭിനയിക്കാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ തുടർച്ചയായി മൂന്ന് തവണ അവർ ചിത്രങ്ങൾ നിരസിച്ചിരുന്നുവെന്നും സൂര്യ പറഞ്ഞു- 'നല്ല നടിയോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കാറുണ്ട്. ഞങ്ങൾ മൂന്നു തവണ ക്ഷണിച്ചപ്പോഴും നസ്രിയ നിരസിച്ചു. ഇത് ഞങ്ങളുടെ നാലാമത്തെ ശ്രമമാണെന്ന് കരുതുന്നു. ഒടുവിൽ അവൾ സമ്മതം മൂളി. നിരവധി സംവിധായകരുടെയും നടന്മാരുടെയും ഓഫറുകൾ വേണ്ടെന്നു വെച്ചിട്ടുണ്ട്. എങ്കിലും ഞങ്ങളുടെ സിനിമ ഒടുവിൽ സ്വീകരിച്ചതിന് നന്ദി...'-സൂര്യ പറഞ്ഞു.
ചിത്രത്തിൽ മായ എന്ന വ്യത്യസ്തമായ കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. കേവലം ക്യൂട്ട് കഥാപാത്രങ്ങൾക്കപ്പുറം സ്റ്റണ്ട് രംഗങ്ങളിലും മറ്റും നസ്രിയ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. ക്യാമറയ്ക്ക് മുന്നിലെ നസ്രിയയുടെ ആത്മവിശ്വാസത്തെയും സ്വാഭാവിക അഭിനയശൈലിയെയുമാണ് 'നാച്ചുറൽ സ്റ്റാർ' എന്ന് വിശേഷിപ്പിച്ച് സൂര്യ പ്രശംസിച്ചത്.