തമിഴ് സൂപ്പര്‍താരം സൂര്യയെ നായകനാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന 'കറുപ്പ്' റിലീസിന് ഒരുങ്ങുന്നു. മേയ് 14-ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പ്രമുഖ കമ്പനിയായ ഐഎംപി ഫിലിംസ് സ്വന്തമാക്കി. നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. സൂര്യയും തൃഷയും 2005-ലെ 'ആറ്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.
ഇന്ദ്രന്‍സ്, മന്‍സൂര്‍ അലി ഖാന്‍, സ്വാസിക, ശിവദ തുടങ്ങിയ മികച്ച താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സായ് അഭ്യങ്കര്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ചാര്‍ട്ട് ബസ്റ്ററുകളില്‍ ഇടംപിടിച്ചു കഴിഞ്ഞു. 'രാത്തു രാസന്‍' എന്ന ഗാനം എട്ട് മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബില്‍ തരംഗമാണ്.
സൂര്യയുടെ സ്‌ക്രീന്‍ പ്രസന്‍സിനെക്കുറിച്ചും മാസ് ഇമേജിനെക്കുറിച്ചും സംവിധായകന്‍ ആര്‍ജെ ബാലാജി പങ്കുവച്ച വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജികെ വിഷ്ണു ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് വിക്രം മോറാണ്. വമ്പന്‍ പ്രമോഷന്‍ പരിപാടികളുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നതോടെ കേരളത്തിലും സൂര്യയുടെ 'കറുപ്പിനായി' വലിയ വരവേല്പാ ഒരുങ്ങുന്നത്.