തെന്നിന്ത്യൻ സിനിമാലോകത്ത് മൂന്നു പതിറ്റാണ്ടിലേറെയായി സംവിധായകനായും നിർമാതാവായും തിളങ്ങിനിൽക്കുന്ന സുന്ദർ സി സജീവ രാഷ്ട്രീയത്തിലേക്ക്. 2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മധുര സെൻട്രൽ മണ്ഡലത്തിൽനിന്ന് അദ്ദേഹം ജനവിധി തേടും. എഐഎഡിഎംകെ നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിന്റെ ഭാഗമായ പുതിയ നീതി കക്ഷി (പിഎൻകെ)യുടെ സ്ഥാനാർഥിയായാണ് സുന്ദർ സി മത്സരിക്കുന്നത്. എഐഎഡിഎംകെയുടെ 'രണ്ടില' ചിഹ്നത്തിലാകും സുന്ദർ സി വോട്ട് തേടുക.
തമിഴ് സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്കു ചുവടുവയ്ക്കുന്ന പ്രമുഖരുടെ നിരയിലേക്കാണ് സുന്ദർ സിയും എത്തുന്നത്. അടുത്തിടെ നടൻ വിജയ് ടിവികെ എന്ന പാർട്ടി രൂപീകരിച്ച് സജീവമായി രംഗത്തുണ്ട്. ഏപ്രിൽ 23-ന് ആണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്. സുന്ദർ സിയുടെ ഭാര്യയും പ്രമുഖ നടിയുമായ ഖുശ്ബു സുന്ദർ നിലവിൽ ബിജെപി തമിഴ്നാട് ഘടകം ഉപാധ്യക്ഷയാണ്.
രജനികാന്തും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്ന 'തലൈവര്‍ 173' എന്ന ചിത്രത്തിന്റെ സംവിധായകനായി ആദ്യം പ്രഖ്യാപിക്കപ്പെട്ടത് സുന്ദർ സി യുടെ പേരാണ്. ഇരുവർക്കുമൊപ്പമുള്ള സുന്ദറിന്റെ ഫോട്ടോ സഹിതമായിരുന്നു പ്രഖ്യാപനം. എന്നാല്‍, പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെ സുന്ദര്‍ പ്രോജക്ടില്‍നിന്നു പിന്മാറി.
ഖുഷ്ബു ആണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഔദ്യോഗികമായി പങ്കുവച്ചത്. എന്നാല്‍, മണിക്കൂറുകള്‍ക്കു ള്ളില്‍ ഖുഷ്ബു തന്റെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പിന്നീട്, സുന്ദര്‍ സി തന്നെ നേരിട്ട് എത്തുകയും പിന്മാറുന്ന തീരുമാനം തന്നെ സ്നേഹിക്കുന്നവരെ നേരിട്ട് അറിയിക്കുകയുമായിരുന്നു. സിബി ചക്രവർത്തിയാണ് ഇപ്പോൾ 'തലൈവര്‍ 173' സംവിധാനം ചെയ്യുന്നത്.