സ്നേഹയും പ്രസന്നയും വിജയ്‌യ്ക്കൊപ്പം ഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Tamil

വിജയ്‌യെ സന്ദര്‍ശിച്ച് സ്നേഹയും പ്രസന്നയും; വികാരഭരിതമായ നിമിഷമെന്ന് സ്നേഹ

പപ്പപ്പ റിപ്പോര്‍ട്ടര്‍

സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് തമിഴ്നാട് മുഖ്യമന്ത്രി പദവിയിലേക്കെത്തിയ നടന്‍ വിജയ്‌യെ സന്ദര്‍ശിച്ച് നടന്‍ പ്രസന്നയും ഭാര്യയും നടിയുമായ സ്നേഹയും. കുട്ടികള്‍ക്കൊപ്പമാണ് ഇരുവരും മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ സ്നേഹ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.

തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം സിനിമാമേഖലയില്‍നിന്നു നിരവധി പ്രമുഖരാണ് വിജയ്‌യെ സന്ദര്‍ശിക്കുന്നത്. നേരത്തെ പ്രഭു, വിക്രം, ആദിക് രവിചന്ദ്രന്‍, പാര്‍ഥിപന്‍, എം.എസ്. ഭാസ്‌കര്‍ എന്നിവരും വിജയ്‌യെ സന്ദര്‍ശിച്ചിരുന്നു.

സ്നേഹയും പ്രസന്നയും മക്കളും വിജയ്‌യ്ക്കൊപ്പം

'വിജയ് സാറിനൊപ്പം രണ്ടു ചിത്രങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് അദ്ദേഹത്തെ മുഖ്യമന്ത്രി എന്ന പദവിയില്‍ കാണുമ്പോള്‍ മനസുനിറയുന്ന, ഏറെ വികാരഭരിതമായ അനുഭവമാണ് തോന്നുന്നത്. ചില നിമിഷങ്ങള്‍ നമ്മളെ നിശബ്ദരാക്കും. സിനിമയില്‍നിന്നു രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയും വളര്‍ച്ചയും നേടിയെടുത്ത ബഹുമാനവും ഏറെ പ്രചോദനം നല്‍കുന്നതാണ്. ഇത്രയും വലിയ നിലയില്‍ എത്തിയിട്ടും അന്നും ഇന്നും അദ്ദേഹം കാണിക്കുന്ന വിനയമാണ് എന്നെ ഏറെ സ്പര്‍ശിച്ചത്. അദ്ദേഹത്തിന് എല്ലാവിധ വിജയങ്ങളും നേരുന്നു'-സ്നേഹ കുറിച്ചു.

സ്നേഹയുടെയും പ്രസന്നയുടെയും മക്കൾ വിജയ്‌യ്ക്കൊപ്പം

മുഖ്യമന്ത്രി വിജയ് തങ്ങളുടെ കുട്ടികളെ കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നതിന്റെയും കുടുംബത്തോടൊപ്പം സംസാരിച്ചിരിക്കുന്നതിന്റെയും ചിത്രങ്ങളാണ് സ്നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.