

'ടൂറിസ്റ്റ് ഫാമിലി', 'വിത്ത് ലവ്' എന്നീ ചിത്രങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം സിനിമാ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അഭിഷന്‍ ജീവിന്ത്. സംവിധായകനായും നടനായും തിളങ്ങിനില്‍ക്കുന്ന അഭിഷന്‍, വിജയ്ക്കായി താന്‍ ഒരുക്കിയ പ്രോജക്ടിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഇപ്പോള്‍.
ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് താന്‍ വിജയ്ക്കായി ആക്ഷന്‍ തിരക്കഥ തയാറാക്കിയിരുന്നു എന്ന കാര്യം അഭിഷൻ വെളിപ്പെടുത്തിയത്. 'വിജയ് സാറിനായി ഞാന്‍ ഒരു കഥ എഴുതിയിരുന്നു. എന്നാല്‍ ആ സമയത്താണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. അതുകൊണ്ട് ആ സിനിമ നടന്നില്ല. ഒരു പക്കാ ആക്ഷന്‍ ചിത്രമായിരുന്നു അത്. എന്റെ ആദ്യ ചിത്രമായ 'ടൂറിസ്റ്റ് ഫാമിലി'യില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഒരുപാട് റെഫറന്‍സുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ദളപതിയെ ഇഷ്ടപ്പെടാത്തവരായി ആരുമില്ലല്ലോ'- അഭിഷന്‍ പറഞ്ഞു.
അഭിഷന്റെ പുതിയ വിശേഷങ്ങള്‍ ആരാധകരില്‍ ആവേശമുണര്‍ത്തുന്നവയാണ്. കന്നഡ സൂപ്പര്‍താരം ശിവരാജ്കുമാറിനൊപ്പം അച്ഛനും മകനുമായി അഭിഷന്‍ എത്തുന്നു. 'ടൂറിസ്റ്റ് ഫാമിലി'യുടെ കോ-ഡയറക്ടറായിരുന്ന ഗൗതം ശിവരാമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന കൊമേഴ്സ്യല്‍ ഫാമിലി എന്റര്‍ടെയ്നറാണ് അഭിഷന്‍ അടുത്തതായി സംവിധാനം ചെയ്യുന്നത്. എന്നാല്‍ ചിത്രത്തില്‍ താന്‍ അഭിനയിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അനശ്വരാജനൊപ്പമുള്ള 'വിത്ത് ലവ്' എന്ന ചിത്രത്തിനു ശേഷം സൗന്ദര്യ രജനികാന്ത്, മഹേഷ് രാജ് എന്നിവരുമായി ചേര്‍ന്ന് പുതിയൊരു ബിഗ് ബജറ്റ് ചിത്രത്തിന്റെയും പണിപ്പുരയിലാണ് അഭിഷന്‍.