'തായ് കിഴവി' സംവിധായകൻ ശിവകുമാർ മുരുകേശന് നിർമാതാവു കൂടിയായ നടൻ ശിവകാർത്തികേയൻ ആഡംബരകാർ സമ്മാനിച്ചപ്പോൾ ഫോട്ടോകടപ്പാട്-ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ്
Tamil

തായ് കിഴവി' തരംഗം; സംവിധായകന് ആഡംബരകാർ സമ്മാനിച്ച് ശിവകാര്‍ത്തികേയന്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ വിജയം കൈവരിച്ച 'തായ് കിഴവി' എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിനുപിന്നാലെ സംവിധായകന്‍ ശിവകുമാര്‍ മുരുകേശന് വിലപിടിപ്പുള്ള ആഡംബരകാർ സമ്മാനമായി നല്‍കി നടനും നിര്‍മാതാവുമായ ശിവകാര്‍ത്തികേയന്‍. ചിത്രം തിയേറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിക്കുകയും പ്രേക്ഷക-വിമര്‍ശക പ്രശംസകള്‍ ഒരുപോലെ നേടുകയും ചെയ്ത പശ്ചാത്തലത്തിലാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കായി ശിവകാര്‍ത്തികേയന്‍ ഒരു പ്രത്യേക സക്‌സസ് മീറ്റ് ഒരുക്കിയത്.

ചിത്രം വലിയ വിജയമാക്കിയ സംവിധായകനോടുള്ള നന്ദിസൂചകമായാണ് ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്റെ ഭാഗത്തുനിന്ന് ഈ സര്‍പ്രൈസ് സമ്മാനം കൈമാറിയത്. തായ്കിഴവിയിൽ പ്രധാനവേഷം അവതരിപ്പിച്ച രാധിക ശരത്കുമാറാണ് കാർ അനാവരണം ചെയ്തത്. മുമ്പും തന്റെ ബാനറില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ വന്‍ വിജയമാകുമ്പോള്‍ സംവിധായകര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും കാറുകളോ മറ്റ് വിലകൂടിയ സമ്മാനങ്ങളോ നല്‍കുന്ന ശീലം ശിവകാര്‍ത്തികേയനുണ്ട്.

'തായ് കിഴവി' സംവിധായകൻ ശിവകുമാർ മുരുകേശന് നിർമാതാവു കൂടിയായ നടൻ ശിവകാർത്തികേയൻ സമ്മാനിച്ച ആഡംബരകാർ സക്സസ് രാധിക ശരത്കുമാർ അനാവരണം ചെയ്യുന്നു

തമിഴ് സിനിമാലോകത്ത് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് 'തായ് കിഴവി'. തികച്ചും ഹൃദയസ്പര്‍ശിയായ കഥപറച്ചില്‍ കൊണ്ടും മികച്ച പ്രകടനങ്ങള്‍കൊണ്ടും തിയേറ്ററുകളില്‍ കുടുംബപ്രേക്ഷകരെ വന്‍തോതില്‍ ആകര്‍ഷിക്കാന്‍ ചിത്രത്തിനു കഴിഞ്ഞു.

'തായ് കിഴവി' സംവിധായകൻ ശിവകുമാർ മുരുകേശൻ, നിർമാതാവു കൂടിയായ നടൻ ശിവകാർത്തികേയൻ,രാധിക ശരത്കുമാർ തുടങ്ങിയവർ

രാധിക ശരത്കുമാറിന്റെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയാണ് ചിത്രത്തെ വലിയ വിജയമാക്കിയ ഘടകങ്ങളിലൊന്ന്. ഇതിലെ അഭിനയത്തിന് രാധിക ദേശീയ അവാർഡിന് അർഹയാണെന്നായിരുന്നു അന്തരിച്ച സംവിധായകൻ ഭാരതിരാജയുടെ വാക്കുകൾ.

'തായ് കിഴവി' പോസ്റ്റർ

ഒരു ഗ്രാമത്തിലെ പരുക്കന്‍ സ്വഭാവക്കാരിയായ വൃദ്ധയുടെ കഥയാണ് ചിത്രം പറയുന്നത്. കുടുംബവും നാട്ടുകാരും ഒരുപോലെ വെറുക്കുന്ന പലിശക്കാരിയായ വൃദ്ധയുടെ മൂല്യം അവര്‍ തിരിച്ചറിയുന്നതാണ് സിനിമയുടെ ഇതിവൃത്തം. പാഷന്‍ സ്റ്റുഡിയോസും ശിവകാര്‍ത്തികേയന്റെ എസ് കെ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സിംഗം പുലി, അരുള്‍ ദോസ്, ബാല ശരവണന്‍, മുനീഷ്‌കാന്ത്, ഇളവരശ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. നിവാസ് കെ. പ്രസന്നയാണ് സംഗീതം.