തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് ആവേശവാര്‍ത്തയായിരുന്നു, 'പേട്ട'യുടെ വന്‍ വിജയത്തിനുശേഷം സൂപ്പര്‍സ്റ്റാര്‍ രജനികാന്തും എവര്‍ഗ്രീന്‍ നായിക സിമ്രാനും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്നത്. യുവസംവിധായകന്‍ അശ്വത് മാരിമുത്തു ഒരുക്കുന്ന 'ധര്‍മന്‍' എന്ന മാസ് ചിത്രത്തിലാണ് സിമ്രാന്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലേക്കു കടക്കുന്നതിന്റെ ആവേശം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ലുക്ക് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സിമ്രാന്‍ കുറിച്ച വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായി:'മൂന്നു പതിറ്റാണ്ടോളമുള്ള സിനിമാജീവിതത്തിന്റെ ഓര്‍മകളും നന്ദിയും മനസില്‍ സൂക്ഷിച്ചുകൊണ്ട്, സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം 'ധര്‍മന്‍' എന്ന പുതിയൊരു മനോഹര അധ്യായം തുടങ്ങുകയാണ്. ഈ യാത്രയ്ക്കായി കാത്തിരിക്കുന്നു.'
'പേട്ട'യുടെ ചിത്രീകരണത്തിനുശേഷം രജനികാന്തിനെ കണ്ടപ്പോള്‍ ഒന്നിച്ച് ഇനിയും സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹം താന്‍ പ്രകടിപ്പിച്ചിരുന്നുവെന്നും, ഈയൊരു വലിയ അവസരത്തിനായി താന്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.
ബോക്‌സ് ഓഫീസിനെ വിറപ്പിക്കാന്‍ 'ദ് ഡെഡ്ലി ഡോക്ടര്‍' ആയാണ് തലൈവര്‍ എത്തുന്നത്. രജനികാന്തിന്റെ കരിയറിലെ 173-ാമത് ചിത്രമായ 'ധര്‍മന്‍' നിര്‍മിക്കുന്നത് ഉലകനായകന്‍ കമല്‍ ഹാസന്റെ 'രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍' ആണ്. ഇന്ത്യന്‍ സിനിമയിലെ രണ്ട് ധ്രുവങ്ങള്‍ ഒന്നിക്കുന്ന പ്രോജക്ട് എന്ന നിലയില്‍ ഇതിനകം തന്നെ ചിത്രം വലിയ ഹൈപ്പിലാണ്.
ചിത്രത്തില്‍ മെഡിക്കല്‍ പ്രൊഫഷണലായാണ് രജനികാന്ത് എത്തുന്നത്. 'ദ് ഡെഡ്ലി ഡോക്ടര്‍' എന്ന ടാഗ്ലൈനോടെയുള്ള താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
സിമ്രാനെ കൂടാതെ യുവനായിക റാഷി ഖന്നയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കഥയുടെ കൂടുതല്‍ സൂചനകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, പഴയകാല സിമ്രാന്‍-രജനി കെമിസ്ട്രിയുടെ മാസ് ആവര്‍ത്തനം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.