

മലയാളക്കരയിലെയും തെന്നിന്ത്യയിലെയും സിനിമാപ്രേമികൾക്ക് ഒരേപോലെ ആവേശം പകരുന്ന പുതിയ വാർത്ത പുറത്ത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് രജനികാന്തിന്റെ 173-ാമത് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. 'ധർമൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'ഓ മൈ കടവുളേ', 'ഡ്രാഗൺ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അശ്വത് മാരിമുത്തുവാണ്. കമൽഹാസന്റെ നിർമാണക്കമ്പനിയായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ജൂൺ 25ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
ചെന്നൈയിൽ നടന്ന ഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടത്. ഡോക്ടറുടെ കോട്ടണിഞ്ഞ്, കയ്യിൽ സർജിക്കൽ ഉപകരണവുമായി നിൽക്കുന്ന സ്റ്റൈലിഷ് ലുക്കിലുള്ള രജനികാന്താണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. 'ദി ഡെഡ്ലി ഡോക്ടർ' എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ.
'പേട്ട' (2019) എന്ന ചിത്രത്തിന് ശേഷം രജനികാന്തിന്റെ നായികയായി സിമ്രാൻ വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കമൽഹാസനൊപ്പം 'പഞ്ചതന്ത്രം', 'പമ്മൽ കെ സമ്പന്ധം' തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച സിമ്രാൻ വർഷങ്ങൾക്ക് ശേഷമാണ് ഈ കൂട്ടുകെട്ടിന്റെ ഭാഗമാകുന്നത്. യുവനടി രാഷി ഖന്നയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
നിരവധി പ്രതിസന്ധികൾക്കും മാറ്റങ്ങൾക്കും ശേഷമാണ് ചിത്രം അശ്വത് മാരിമുത്തുവിന്റെ കൈകളിൽ എത്തിയത്. കഴിഞ്ഞ വർഷം നവംബറിൽ പ്രശസ്ത സംവിധായകൻ സുന്ദർ സി ഈ പ്രോജക്ട് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹം ഇതിൽ നിന്നും പിന്മാറി.
തുടർന്ന് 'ഡോൺ' എന്ന ചിത്രത്തിന്റെ സംവിധായകൻ സിബി ചക്രവർത്തിയെ ഈ ചുമതല ഏൽപ്പിക്കുകയും ഈ വർഷം ജനുവരിയിൽ ഒരു ഫസ്റ്റ് ലുക്ക് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഏപ്രിലിൽ ഷൂട്ടിങ് തുടങ്ങാൻ നിശ്ചയിച്ചിരുന്നെങ്കിലും ചില കാരണങ്ങളാൽ അത് നീണ്ടുപോവുകയും സംവിധായകൻ വീണ്ടും മാറുന്നു എന്ന തരത്തിൽ വാർത്തകൾ വരികയും ചെയ്തു. ഒടുവിൽ സിനിമാ ലോകത്തെ അഭ്യൂഹങ്ങൾ ശരിവെച്ചുകൊണ്ട് അശ്വത് മാരിമുത്തുവിനെ അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
രജനികാന്ത് നായകനാകുന്ന 173-ാമത് ചിത്രത്തിന്റെ സംവിധായകനായി തന്നെയും പരിഗണിച്ചെന്ന് അശ്വത് മാരിമുത്തു നേരത്തെ വെളിപ്പെടുത്തിയിരുന്നു. കമല്ഹാസന് നിര്‍മിക്കുന്ന ചിത്രത്തിന് താൻ തയ്യാറാക്കിയ തിരക്കഥ രജനികാന്തിന് ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും അശ്വത് പറഞ്ഞു. സിനിമ ഏകദേശം ഉറപ്പിച്ചതായിരുന്നുവെങ്കിലും മറ്റു ചില സാങ്കേതിക കാരണങ്ങളാല്‍ നടക്കാതെ പോവുകയായിരുന്നുവെന്നാണ് അന്ന് അശ്വത് പറഞ്ഞത്.