ആര്‍.ബി.ചൗധരി ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Tamil

ചലച്ചിത്ര നിര്‍മാതാവ് ആര്‍.ബി. ചൗധരി കാറപകടത്തില്‍ മരിച്ചു

പപ്പപ്പ റിപ്പോര്‍ട്ടര്‍

തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖ നിര്‍മാതാവും സൂപ്പര്‍ ഗുഡ് ഫിലിംസ് സ്ഥാപകനുമായ ആര്‍.ബി. ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്പുരിനു സമീപമുണ്ടായ കാറപകടത്തിലാണ് അദ്ദേഹം മരിച്ചത്. നടന്മാരായ ജീവയും ജിതൻ രമേഷും ഉൾപ്പെടെ നാലുമക്കളുണ്ട്.

തെന്നിന്ത്യന്‍ സിനിമയിലെ ഹിറ്റ് മേക്കറായി അറിയപ്പെട്ടിരുന്ന ചൗധരി, നിരവധി മുന്‍നിര താരങ്ങളുടെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ്. സൂര്യവംശം, രാജാ, പൂവേ ഉനക്കാകെ, തുള്ളാത മനവും തുള്ളും തുടങ്ങി തമിഴിലും തെലുങ്കിലും ഒട്ടേറെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. ചിരഞ്ജീവി നായകനായ 'ഗോഡ് ഫാദര്‍' ആണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ അവസാന ചിത്രങ്ങളിലൊന്ന്. മലയാളസിനിമകളും നിർമിച്ചിട്ടുണ്ട്.

ആര്‍.ബി. ചൗധരിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ രജനികാന്ത്, പവന്‍ കല്യാണ്‍, ചിരഞ്ജീവി, വെങ്കിടേഷ്, ഖുശ്ബു സുന്ദര്‍ തുടങ്ങി സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. 'എന്റെ പ്രിയ സുഹൃത്ത് ആര്‍.ബി. ചൗധരി മികച്ചൊരു നിര്‍മാതാവ് മാത്രമല്ല, അതിലുപരി നല്ല മനുഷ്യനായിരുന്നു. നൂറുകണക്കിനു യുവ സംവിധായകര്‍ക്ക് അദ്ദേഹം അവസരം നല്‍കി. ഈ വിയോഗം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.'- രജനികാന്ത് പറഞ്ഞു.

'തിരുപ്പാച്ചി'യുടെ ഷൂട്ടിങ്ങിനിടെ ആര്‍.ബി. ചൗധരി വിജയ്ക്കൊപ്പം

'സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ അമരക്കാരന്റെ മരണം ഞെട്ടിക്കുന്നതാണ്. എന്റെ കരിയറിലെ വലിയ വിജയമായ 'സുസ്വാഗതം' നിര്‍മിച്ചത് അദ്ദേഹമാണ്. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കഥകള്‍ തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം പ്രത്യേക വൈഭവം പുലര്‍ത്തിയിരുന്നു.'- പവന്‍ കല്യാണ്‍ അനുസ്മരിച്ചു.

'ഇന്ത്യന്‍ സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വാക്കുകള്‍ക്ക് അതീതമാണ്. 'ഗോഡ് ഫാദറിലൂടെ' അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.'- ചിരഞ്ജീവി പറഞ്ഞു.