ജയിലര്‍-2 അനൗൺസ്മെന്റ് പോസ്റ്റർ അറേ‍ഞ്ച്ഡ്
Tamil

'ജയിലര്‍ -2' 2026 ജൂണില്‍ റിലീസ്; ക്ലൈമാക്‌സ് ചിത്രീകരിച്ചത് പാലക്കാട്ട്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യന്‍ വെള്ളിത്തിരയിലെ ഇതിഹാസതാരം സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ 2023ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ജയിലറി'ന്റെ തുടര്‍ച്ചയായ ജയിലര്‍-2 അടുത്തവർഷം ജൂണ്‍ 12ന് റിലീസ് ചെയ്യും. രജനി തന്നെയാണ് ചിത്രത്തിന്റെ വിശേഷങ്ങളും റിലീസ് തീയതിയും പ്രഖ്യാപിച്ചത്. കേരളത്തിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കി, ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ആരാധകര്‍ കാത്തിരുന്ന ജയിലറിന്റെ റിലീസ് വിശേഷം അദ്ദേഹം പങ്കുവച്ചത്.

പാലക്കാട്ട് ആയിരുന്നു ജയിലര്‍-2 ക്ലൈമാക്‌സ് ചിത്രീകരിച്ചത്. കേരളത്തിലെത്തിയ താരത്തിന് ആവേശകരമായ സ്വീകരണമാണ് ആരാധകര്‍ നല്കിയത്. തന്നെ കാണാനെത്തിയ ആരാധകരോടു തന്റെ സ്‌നേഹം പ്രകടിപ്പിക്കാനും അവരെ അഭിവാദ്യം ചെയ്യാനും താരം സമയം കണ്ടെത്തിയിരുന്നു.

നെല്‍സണ്‍ ദിലീപ്കുമാറാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. രജനികാന്ത് തന്റെ പ്രധാന കഥാപാത്രമായ 'ടൈഗര്‍' മുത്തുവേല്‍ പാണ്ഡ്യനായി വീണ്ടും എത്തുന്നു. രമ്യാ കൃഷ്ണന്‍, യോഗി ബാബു, മിര്‍ണ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട്, എസ്.ജെ സൂര്യ, അന്ന രാജന്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മോഹന്‍ലാലും ശിവരാജ് കുമാറും അതിഥിതാരങ്ങളായെത്തും. കൂടാതെ നന്ദമുരി ബാലകൃഷ്ണയും മിഥുന്‍ ചക്രവര്‍ത്തിയും പ്രത്യേക വേഷത്തിലും ചിത്രത്തിലുണ്ടാകും. ഇതോടെ ജയിലര്‍ 2- മഹാ മാസ് ആയിരിക്കുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.

ഈ മാര്‍ച്ചിലാണ് ജയിലറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് നിര്‍മാതാക്കള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ലോകേഷ് കനകരാജിന്റെ കൂലി-യാണ് രജനികാന്തിന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം.