തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി രുഗ്മിണി വസന്ത് തമിഴകത്തെ സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം കൈകോർക്കുന്നു. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന രജനിയുടെ 173-ാമത് ചിത്രമായ 'ധർമനി'ൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ രുഗ്മിണിയെ നിശ്ചയിച്ചതായാണ് കോളിവുഡിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ.
ഉലകനായകൻ കമൽഹാസന്റെ പ്രൊഡക്ഷൻ ഹൗസായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. തമിഴ് സിനിമാലോകത്ത് ഏറ്റവും ശ്രദ്ധേയയായി വളരുന്ന രുഗ്മിണിയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായിരിക്കും ഇത്.
വിജയ് സേതുപതി ചിത്രത്തിലൂടെയാണ് രുഗ്മിണി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു പിന്നാലെയാണ് സൂപ്പർതാരത്തിന്റെ ബിഗ് ബജറ്റ് ചിത്രത്തിലേക്ക് താരത്തിന് ക്ഷണം ലഭിക്കുന്നത്. രജനികാന്തിനൊപ്പം മുൻനിര നടിമാരായ സിമ്രൻ, റാഷി ഖന്ന എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രശസ്ത കോമഡി താരം യോഗി ബാബുവും ചിത്രത്തിലുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിൽ തലൈവർ ഒരു ഡോക്ടറുടെ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഇൻട്രോ ഗാനത്തിന്റെ ചിത്രീകരണം വലിയൊരു ആശുപത്രി സെറ്റിൽ വെച്ച് പൂർത്തിയായിട്ടുണ്ട്.
പ്രശസ്ത നെറ്റ്ഫ്ലിക്സ് പരമ്പരയായ 'ദ് ഗുഡ് ഡോക്ടർ' എന്ന സീരീസിന്റെ റീമേക്കാണ് ചിത്രമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് ഒരു തരത്തിലുള്ള റീമേക്കല്ലെന്നും തികച്ചും ഒറിജിനലായ ഒരു ഫാമിലി ത്രില്ലറായിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നതെന്നും സംവിധായകൻ അശ്വത് മാരിമുത്തു വ്യക്തമാക്കി.