സ്റ്റൈൽ മന്നൻ രജനികാന്തിന്റെ 'കൂലി' ആഗോളതലത്തിൽ ബോക്സ് ഓഫീസ് കീഴടക്കുകയാണ്. മൂന്നു ദിവസത്തെ കളക്ഷൻ 300 കോടി പിന്നിട്ടു. ഏറ്റവും വേഗത്തിൽ 300 കോടി ക്ലബ്ബിൽ എത്തുന്ന തമിഴ് ചിത്രമായും മാറുകയാണ് 'കൂലി'.ഇതിനോട് മത്സരിക്കാനെത്തിയ ഹൃത്വിക്-ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ വാർ 2 - വളരെ പിന്നിലാണ്.
സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ബുക്കിങ് തന്നെ റെക്കോഡ് സൃഷ്ടിച്ചിരുന്നു. സാക്നിൽക്കിന്റെ വിലയിരുത്തലിൽ, 'കൂലി' ഇന്ത്യയിൽനിന്ന് ആദ്യ ദിവസം (വ്യാഴാഴ്ച) 65 കോടി രൂപയും രണ്ടാം ദിവസം (വെള്ളിയാഴ്ച) 54.75 കോടി രൂപയും നേടി. മൂന്നാം ദിനം (ശനിയാഴ്ച) 40 കോടിയോളം പിന്നിടുമെന്നായിരുന്നു കണക്ക്.
മൂന്നുദിവസത്തിനുള്ളിൽ ചിത്രത്തിന്റെ ആകെ ഇന്ത്യൻ വരുമാനം 158.25 കോടി രൂപയായി. ഇതോടെ, രജനീകാന്തിന്റെ മുൻ ചിത്രമായ 'വേട്ടയ്യന്റെ' 146.89 കോടി രൂപ കളക്ഷനെ കൂലി മറികടന്നു. ചിത്രത്തിന്റെ ആഗോളവരുമാനം 300 കോടി രൂപ കവിഞ്ഞു. ആഗോളതലത്തിൽ ഇപ്പോൾ 320-325 കോടി രൂപയ്ക്കിടയിലാണ് കളക്ഷൻ എന്ന് ട്രേഡ് അനലിസ്റ്റ് സുമിത് കാഡൽ പറയുന്നു.
ശനിയാഴ്ച, തമിഴ് പ്രേക്ഷകരുടെ മൊത്തം നിരക്ക് 65.99% ആയിരുന്നു. ചെന്നൈ (88.75%), കോയമ്പത്തൂർ (83.75%), പോണ്ടിച്ചേരി (86.50%), ട്രിച്ചി (89%) തുടങ്ങിയ നഗരങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. രാത്രി ഷോകൾ 79.71% ആയിരുന്നു.
അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി' (180 കോടി രൂപ), മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച 'എമ്പുരാൻ'(265 കോടി രൂപ) എന്നീ ചിത്രങ്ങളുടെ ആഗോള കളക്ഷനെയും 'കൂലി' മറികടന്നു. ഫ്രാൻസിൽ, ആദ്യ ദിവസം 8,800 ടിക്കറ്റുകൾ വിറ്റഴിച്ച് കൂലി ചിത്രം റെക്കോഡ് സൃഷ്ടിച്ചു. വിജയ് ചിത്രം 'ലിയോ'യെയാണ് ഇതിൽ മറികടന്നത്. സിംഗപുർ, യുഎഇ, മലേഷ്യ, ശ്രീലങ്ക, വടക്കേ അമേരിക്ക എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്രപ്രദർശനങ്ങളിൽ രജനിചിത്രം മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നത്.
'കൂലി: ദി പവർഹൗസ്' എന്ന് പേരിട്ടിരിക്കുന്ന ഹിന്ദി പതിപ്പിന് ശനിയാഴ്ച 38.99% പ്രേക്ഷകനിരക്ക് രേഖപ്പെടുത്തി. മുംബൈയിലും പുനെയിലും വൻതിരക്കാണ് അനുഭവപ്പെട്ടത്.