'മനുഷ്യസ്നേഹി' എന്ന വാക്കിന്റെ പര്യായമായി രാഘവ ലോറൻസ് എന്നു പറയാം, തീർച്ചയായും! തമിഴ് നടനും നിർമാതാവും സംവിധായകനും കൊറിയോഗ്രാഫറുമായ ഇദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ്. സിനിമയിൽനിന്നു ലഭിക്കുന്ന വരുമാനത്തിന്‍റെ വലിയൊരു ഭാഗം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ലോറൻസ് വിനിയോഗിക്കുന്നു. ലോറൻസ് മാത്രമല്ല, കുടുംബവും ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമാണ്.
ഇപ്പോൾ രാഘവ ലോറൻസ് തന്‍റെ ആദ്യ വീട് കുട്ടികൾക്കുള്ള സൗജന്യ സ്കൂളാക്കി മാറ്റിയിരിക്കുന്നു. ലോറൻസിന്റെ വരാനിരിക്കുന്ന ഹൊറർ ത്രില്ലർ ചിത്രമായ 'കാഞ്ചന 4' ന് മുൻകൂർ ആയി ലഭിച്ച പണം ഉപയോഗിച്ചാണ് സൗജ്യന്യവിദ്യാഭ്യാസത്തിനുള്ള ചെലവു കണ്ടെത്തുന്നത്. സ്കൂളിൽ നിയമിച്ച ആദ്യ അധ്യാപികയും വാർത്തയിൽ ഇടംനേടി. തന്‍റെ വീട്ടിൽ വളർന്ന, വിദ്യാഭ്യാസം പൂർത്തിയാക്കിയ വേളാങ്കണ്ണി എന്ന യുവതിയെയാണ് ലോറൻസ് സ്കൂളിൽ ആദ്യ അധ്യാപികയായി നിയമിച്ചത്. നൃത്ത സംവിധായകനായി പ്രവർത്തിക്കുമ്പോൾ ലഭിച്ച വരുമാനം കൊണ്ട് ചെന്നൈയിൽ വാങ്ങിച്ച വീട് പിന്നീട് താരം അനാഥമന്ദിരമാക്കി മാറ്റിയിരുന്നു. വാടകവീട്ടിലേക്കു മാറിക്കൊണ്ടാണ് താരം അനാഥർക്കായി വീടുനൽകിയത്. അവിടെ വളർന്ന പെൺകുട്ടിയാണ് വേളാങ്കണ്ണി.
പുതിയ വിശേഷം തന്നെ സ്നേഹിക്കുന്നവർക്കായി എക്സ് ടൈംലൈനിൽ ലോറൻസ് പങ്കിട്ടു. വീഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്ത നടൻ ഇങ്ങനെ എഴുതി- 'നിങ്ങളുമായി പുതിയ വിശേഷങ്ങൾ പങ്കിടുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. 'കാഞ്ചന 4' ചിത്രീകരണം ആരംഭിച്ചു. നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ, എന്‍റെ സിനിമകളുടെ പ്രതിഫലം ലഭിക്കുമ്പോഴെല്ലാം ഞാൻ എന്‍റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു പുതിയ സാമൂഹികസംരംഭം ആരംഭിക്കുന്നു. ഇത്തവണ, എന്‍റെ ആദ്യത്തെ വീട് കുട്ടികൾക്കുള്ള സൗജന്യ സ്കൂളാക്കി മാറ്റുകയാണ്. എനിക്ക് അതിയായ സന്തോഷമുണ്ട്.'-രാഘവ ലോറൻസിന്റെ വാക്കുകൾ.
'ഞാൻ നിയമിക്കുന്ന ആദ്യ ടീച്ചർ എന്‍റെ വീട്ടിൽ വളർന്ന കുട്ടികളിൽ ഒരാളാണ് എന്നതാണ് എന്നെ കൂടുതൽ സന്തോഷിപ്പിക്കുകയും അഭിമാനിപ്പിക്കുകയും ചെയ്യുന്നത്. ഇപ്പോൾ അവൾ വളർന്നു. വിദ്യാഭ്യാസം നേടി. അധ്യാപികയായി. പുതിയ സംരംഭത്തിന് നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞാൻ തേടുന്നു... നിങ്ങൾ എല്ലായ്പ്പോഴും ചെയ്തതുപോലെ എന്നെ പിന്തുണയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'- താരം കുറിച്ചു.
ജീവകാരുണ്യമേഖലയിൽ സജീവ ഇടപെടുന്ന താരം, കഴിഞ്ഞ ആഴ്ച ഉപജീവനത്തിനായി ട്രെയിനുകളിൽ മധുരപലഹാരങ്ങൾ വിറ്റിരുന്ന വൃദ്ധദമ്പതികൾക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. 'മാറ്റം' എന്ന പ്രസ്ഥാനത്തിലൂടെയും രാഘവ ലോറൻസ് അശരണർക്ക് അഭയകേന്ദ്രമാകുന്നു.