സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ധർമൻ' എന്ന സിനിമയിൽ തെലുങ്ക് താരം റാം പോത്തിനേനിയും ഭാഗമാകുന്നുവെന്ന് അഭ്യൂഹങ്ങൾ ശരിവെച്ച് ലൊക്കേഷൻ ചിത്രം. ധർമനിൽ പ്രധാന വേഷത്തിലെത്തുന്ന നടി റാഷി ഖന്ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.
മൈസൂരുവിൽ നടക്കുന്ന ചിത്രീകരണത്തിനിടെ രജനികാന്ത്, റാം പോത്തിനേനി എന്നിവർക്കൊപ്പം എടുത്ത ചിത്രമാണ് റാഷി ഖന്ന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'രജനി സാറിനും റാമിനുമൊപ്പം പുലർച്ചെയുള്ള വർക്കൗട്ടുകൾ ' എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്.
രജനിക്കൊപ്പം റാം പോത്തിനേനിയുടെ സാന്നിധ്യം ആരാധകർക്കിടയിൽ വൻ ചർച്ചയായതോടെ റാഷി ഖന്ന ഈ പോസ്റ്റ് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. എന്നാൽ അതിനോടകം തന്നെ ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞിരുന്നു.
രജനിയും റാം പോത്തിനേനിയും 'ധർമനി'ൽ നേർക്കുനേർ വരുന്നു എന്നത് കോളിവുഡിലും ടോളിവുഡിലും നേരത്തെ തന്നെ പടർന്ന വാർത്തയാണ്. പക്ഷേ ഇക്കാര്യത്തിൽ ഔദ്യോഗികസ്ഥിരീകരണമുണ്ടായിട്ടില്ല. പക്ഷേ ഇരുവർക്കുമൊപ്പമുള്ള ഫോട്ടോ റാഷി ഖന്ന പങ്കുവെച്ചതോടെ ഈ സസ്പെൻസ് പൊളിഞ്ഞു.
വില്ലൻ വേഷത്തിലാണോ അതോ മറ്റ് പ്രധാന കഥാപാത്രമായാണോ റാം എത്തുന്നതെന്ന കാര്യത്തിൽ അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും ടർമറിക് മീഡിയയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സിമ്രാൻ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനു സംഗീതം ഒരുക്കുന്നത്.