'ജിഡിഎൻ' ട്രെയിലറിൽ മാധവൻ സ്ക്രീൻ​ഗ്രാബ്
Tamil

'പുരസ്കാരങ്ങൾ മറന്നേക്കൂ, ആദ്യം അദ്ദേഹത്തെക്കുറിച്ച് എല്ലാവരും അറിയട്ടെ'

പപ്പപ്പ റിപ്പോര്‍ട്ടര്‍

പ്രശസ്ത ശാസ്ത്രജ്ഞനും വ്യവസായ പ്രമുഖനുമായിരുന്ന ജി.ഡി. നായിഡുവിന്റെ (ഗോപാലസ്വാമി ദൊരൈസ്വാമി നായിഡു) ജീവിതകഥ പറയുന്ന 'ജിഡിഎന്‍' (GDN) എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കോയമ്പത്തൂരില്‍ നടന്ന പ്രകാശന ചടങ്ങില്‍ ജിഡിഎന്‍-ആയി വെള്ളിത്തിരയിലെത്തുന്ന നടന്‍ ആര്‍. മാധവന്‍ പങ്കെടുത്തു. ജി.ഡി. നായിഡുവിന്റെ ആദ്യത്തെ ബസിനുള്ളില്‍ വെച്ചാണ് അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളുമായി സംവദിച്ചത് എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ടായിരുന്നു.

ചിത്രത്തിനു പിന്നിലെ ലക്ഷ്യം കേവലം ഒരു വ്യക്തിയുടെ ജീവിതം ആഘോഷിക്കുക എന്നതിലുപരി, വരുംതലമുറയ്ക്ക് അദ്ദേഹത്തിന്റെ സംഭാവനകളെ പരിചയപ്പെടുത്തുക എന്നതാണെന്ന് മാധവന്‍ പറഞ്ഞു. ജി.ഡി. നായിഡുവിന് ഭാരതരത്‌ന പോലുള്ള ദേശീയ പുരസ്‌കാരങ്ങള്‍ നല്‍കണമെന്ന ആവശ്യങ്ങള്‍ ഉയരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെ, അവാര്‍ഡുകളേക്കാള്‍ പ്രധാനം അദ്ദേഹത്തിന് അര്‍ഹമായ അംഗീകാരവും ശ്രദ്ധയും ലഭിക്കുക എന്നതാണെന്ന് മാധവന്‍ വ്യക്തമാക്കി.

'ജിഡിഎൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

മാധവന്റെ വാക്കുകള്‍:

'ഭാരതരത്‌ന പോലുള്ള പുരസ്‌കാരങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് ജി.ഡി. നായിഡുവിന് ജനങ്ങള്‍ക്കിടയില്‍ അര്‍ഹമായ അംഗീകാരം ലഭിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്നത്തെ യുവതലമുറ വളരെ മിടുക്കരാണ്. അവരോടു കാര്യങ്ങള്‍ സൂചിപ്പിച്ചാല്‍ മതി. ബാക്കി അവര്‍ തന്നെ തിരഞ്ഞു കണ്ടുപിടിച്ചുകൊള്ളും. വിദ്യഭ്യാസ മേഖലയിലടക്കം തന്റെ കാലഘട്ടത്തേക്കാള്‍ പതിറ്റാണ്ടുകള്‍ മുന്നേ ചിന്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

'ജിഡിഎൻ' പോസ്റ്റർ

എന്‍ജിനീയറിങ് പഠിക്കാന്‍ എന്തിനാണ് നാല് വര്‍ഷം കളയുന്നത്, പോളിടെക്‌നിക്കുകളിലൂടെ രണ്ട് വര്‍ഷം കൊണ്ട് അത് പ്രായോഗികമായി പഠിച്ചെടുക്കാം എന്ന് അക്കാലത്ത് തന്നെ അദ്ദേഹം പറഞ്ഞിരുന്നു. അവാര്‍ഡുകള്‍ തല്‍ക്കാലം മറക്കാം, സ്വന്തം നാട്ടിലെ ആളുകളെങ്കിലും ആദ്യം അദ്ദേഹത്തെക്കുറിച്ച് പൂര്‍ണമായി അറിയണം...'

'ജിഡിഎൻ' ട്രെയിലറിൽ മാധവൻ

'ഇന്ത്യയുടെ എഡിസണ്‍' എന്നറിയപ്പെടുന്ന ജി.ഡി. നായിഡുവിന്റെ ജീവിതം പറയുന്ന ചിത്രം കൃഷ്ണകുമാര്‍ രാമകുമാറാണ് സംവിധാനം ചെയ്യുന്നത്. പ്രിയാമണി, ജയറാം, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വര്‍ഗീസ് മൂലന്റെ മൂലന്‍ പിക്‌ചേഴ്‌സും മാധവന്റെ ട്രൈകളര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.