ഇതു മാധവനോ..!; ഇന്ത്യൻ എഡിസൺ ജി.ഡി. നായിഡുവിന്റെ ബയോപിക് ട്രെയിലര്‍ പുറത്ത്

'ജിഡിഎൻ' ട്രെയിലറിൽ നിന്ന്
'ജിഡിഎൻ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ശാസ്ത്രജ്ഞന്‍ നമ്പി നാരായണനായി വേഷമിട്ട് ദേശീയ അവാര്‍ഡ് വരെ നേടിയ ആര്‍. മാധവന്‍ വീണ്ടുമൊരു ചരിത്രപുരുഷന്റെ ജീവിതവുമായി പ്രേക്ഷകരിലേക്കെത്തുന്നു. 'ഇന്ത്യയുടെ എഡിസണ്‍' എന്നും 'കോയമ്പത്തൂരിന്റെ സാമ്പത്തിക സ്രഷ്ടാവ്' എന്നും അറിയപ്പെടുന്ന പ്രശസ്ത ശാസ്ത്രജ്ഞനും നിരവധി ജനപ്രിയ കണ്ടുപിടുത്തങ്ങൾ നടത്തിയയാളുമായ ഗോപാല്‍സ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതം പറയുന്ന 'ജിഡിഎൻ'(GDN) എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. ജി.ഡി. നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ട്രെയിലര്‍ ലോഞ്ച് ചെയ്തത്.

Must Read
'ഇന്ത്യന്‍ എഡിസണ്‍' ആയി മാധവന്‍ 'ജിഡിഎന്‍' ജൂലായ് 17ന് റിലീസ്
'ജിഡിഎൻ' ട്രെയിലറിൽ നിന്ന്

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോറിന്റെ സ്രഷ്ടാവായ ജി.ഡി. നായിഡുവിന്റെ സംഭവബഹുലമായ ജീവിതമാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുന്‍പുള്ള കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ പീരിയഡ് ഡ്രാമയില്‍, വെറും സാധാരണക്കാരനില്‍നിന്നു ലോകമറിയുന്ന ശാസ്ത്രജ്ഞനിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയും നേരിടേണ്ടിവന്ന പ്രതിസന്ധികളും വ്യക്തമാക്കുന്നുണ്ട്.

'ജിഡിഎൻ' ട്രെയിലറിൽ നിന്ന്
'ജിഡിഎൻ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

തന്റെ കണ്ടുപിടുത്തങ്ങള്‍ക്ക് പാരവെക്കാന്‍ ശ്രമിക്കുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരോട് അദ്ദേഹം നേര്‍ക്കുനേര്‍ പോരാടുന്നതും, കരിയറിന്റെ അവസാനകാലത്ത് തന്റെ ചില കണ്ടുപിടുത്തങ്ങള്‍ അദ്ദേഹം തന്നെ നശിപ്പിച്ചു കളയേണ്ടി വന്ന സാഹചര്യങ്ങളുമെല്ലാം ഉദ്വേഗജനകമായ രീതിയിലാണ് മൂന്നു മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജി.ഡി. നായിഡുവായി വേറിട്ട ലുക്കില്‍ മാധവന്‍ കരിയറിലെ തന്നെ മറ്റൊരു മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

'ജിഡിഎൻ' ട്രെയിലറിൽ നിന്ന്
'ജിഡിഎൻ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

കൃഷ്ണകുമാര്‍ രാമകുമാര്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍-ഇന്ത്യന്‍ തലത്തിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. മാധവനൊപ്പം പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയന്‍, കനിഹ, ഷീല, തമ്പി രാമയ്യ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

'ജിഡിഎൻ' ട്രെയിലറിൽ നിന്ന്
'ജിഡിഎൻ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

'റോക്കട്രി'ക്ക് ശേഷം വര്‍ഗീസ് മൂലന്‍ പിക്ചേഴ്സും മാധവന്റെ ട്രൈകളര്‍ ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. ബോളിവുഡ് ഭീമന്‍ കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രത്തിന്റെ ഉത്തരേന്ത്യയിലെയും കര്‍ണാടകയിലെയും വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നതും ചിത്രത്തിന്റെ പ്രോജക്ട് വാല്യൂ ഉയര്‍ത്തുന്നു.

നേരത്തെ ജൂലായ് 17-ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും, ഏറ്റവും പുതിയ ട്രെയിലറില്‍ ഉടന്‍ വരുന്നു എന്നാണ് കാണിച്ചിരിക്കുന്നത്. കൃത്യമായ റിലീസ് തിയതി വരും ദിവസങ്ങളില്‍ ഔദ്യോഗികമായി പുറത്തുവിടും.

Pappappa
pappappa.com