'നിനൈത്താലെ ഇനിക്കും'(2009) ലൊക്കേഷനിൽ ഭാ​ഗ്യരാജിനൊപ്പം പൃഥ്വിരാജ് ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Tamil

'നിനൈത്താലെ ഇനിക്കും...':ഭാ​ഗ്യരാജ് ഇതിഹാസമെന്ന് പൃഥ്വി,മികച്ച മനുഷ്യനെന്ന് ജയറാം

പപ്പപ്പ ഡസ്‌ക്‌

തെന്നിന്ത്യന്‍ സിനിമയുടെ 'തിരക്കഥാ ചക്രവര്‍ത്തി' കെ. ഭാഗ്യരാജിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത സിനിമാലോകത്തിന്റെ മുഴുവൻ കണ്ണു നനയിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സാധാരണക്കാരുടെ കഥകള്‍ പറഞ്ഞ് പ്രേക്ഷകരെ വിസ്മയിപ്പിച്ച ചലച്ചിത്ര പ്രതിഭയ്ക്ക് കേരളത്തിലെ സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ പ്രിയ സംവിധായകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. സാറിന്റെ കീഴില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്നും കലാലോകത്തെ യഥാര്‍ഥ ഇതിഹാസമായിരുന്നു അദ്ദേഹമെന്നും പൃഥ്വിരാജ് കുറിച്ചു. ഭാഗ്യരാജ് രചനയും സംവിധാനവും നിര്‍വഹിച്ച് തെന്നിന്ത്യയില്‍ തരംഗമായി മാറിയ 'പാരിജാതം' (2006) എന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആയിരുന്നു നായകന്‍. ആ സിനിമാക്കാലത്തിന്റെ ഓര്‍മകള്‍ താരം പങ്കുവെച്ചു.

ഭാഗ്യരാജ്

ഭാഗ്യരാജ് മികച്ച മനുഷ്യനും തങ്ങളുടെ കുടുംബത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നുവെന്ന് നടന്‍ ജയറാം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നുവെന്നും മുപ്പത് വര്‍ഷത്തിലേറെ നീണ്ട വലിയൊരു സൗഹൃദമാണ് തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നതെന്നും ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഭാര്യ പാര്‍വതിയോടൊപ്പമെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം ജയറാം മാധ്യമങ്ങളോട് പറഞ്ഞു. ഭാഗ്യരാജ് പ്രധാന വേഷത്തിലെത്തിയ 'തുണൈ മുതല്‍വര്‍' (2015) എന്ന ചിത്രത്തില്‍ ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

'തുണൈ മുതല്‍വര്‍'എന്ന സിനിമയിൽ ഭാ​ഗ്യരാജും ജയറാമും

മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും അനുശോചനം അറിയിച്ചു. തമിഴ് ചലച്ചിത്ര ലോകത്ത് തന്റേതായ വേറിട്ട മുദ്ര പതിപ്പിച്ച മികച്ചൊരു കലാകാരനെയും ദൃശ്യഭാഷയുടെ സുല്‍ത്താനെയുമാണ് ഭാഗ്യരാജിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് നേതാക്കള്‍ അനുസ്മരിച്ചു. തെന്നിന്ത്യന്‍ സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും സാംസ്‌കാരികലോകം വിങ്ങുന്ന ഹൃദയത്തോടെ പറയുന്നു.