തിയേറ്ററുകളില്‍ പ്രണയത്തിന്റെ മഞ്ഞുപെയ്യിച്ച '96', ബന്ധങ്ങളുടെ ആഴം പറഞ്ഞ 'മെയ്യഴകന്‍' എന്നീ രണ്ടു ചിത്രങ്ങള്‍ മാത്രം മതി പ്രേംകുമാര്‍ എന്ന സംവിധായകനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റാന്‍. കണ്ടിരിക്കുന്നവരുടെ മനസുനിറയ്ക്കുന്ന 'ഫീല്‍ ഗുഡ്' ചിത്രങ്ങളുടെ തമ്പുരാന്‍ എന്നു വിശേഷിപ്പിക്കാമെങ്കിലും പ്രേംകുമാറിന്റെ അടുത്ത പ്രോജക്ട് പ്രഖ്യാപനത്തില്‍ ഞെട്ടിയിരിക്കുകയാണ് ചലച്ചിത്രലോകം. കാരണം, ഇത്തവണ റൊമാന്‍സോ, ഇമോഷനോ അല്ല, പക്കാ ആക്ഷന്‍ ത്രില്ലറുമായാണ് സംവിധായകന്‍ എത്തുന്നത്. അതും മലയാളത്തിന്റെ റിയലിസ്റ്റിക് പെര്‍ഫോമര്‍ ഫഹദ് ഫാസിലിനെ നായകനാക്കി!
സിനിമയുടെ പ്രഖ്യാപനം വന്നതുമുതല്‍ സിനിമാ ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചകളാണു നടക്കുന്നത്. പതിവ് സോഫ്റ്റ് ശൈലിയില്‍നിന്നു മാറി പക്കാ ആക്ഷന്‍ മൂഡിലേക്ക് പ്രേംകുമാര്‍ മാറുമ്പോള്‍ അതിനു കൂട്ടുനില്‍ക്കാന്‍ ഫഹദിനെക്കാള്‍ മികച്ചൊരു ചോയ്‌സ് ഇല്ലെന്നാണ് ആരാധകരുടെ പക്ഷം. 'ആവേശം' പോലുള്ള ചിത്രങ്ങളില്‍ ഫഹദിന്റെ മാസ് പ്രകടനം കണ്ട ആവേശത്തിലാറാടിയ പ്രേക്ഷകര്‍ക്ക് ഈ പുതിയ കൂട്ടുകെട്ട് വലിയ പ്രതീക്ഷയാണു നല്‍കുന്നത്.
'ഈ കഥ ആലോചിക്കാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷത്തോളമായി. കുറച്ച് ഫൈറ്റും ത്രില്ലുമൊക്കെയുള്ള കഥയായതുകൊണ്ട് എന്റെ സുഹൃത്തുക്കളും കൂടെയുള്ളവരും പറഞ്ഞത് ഞാന്‍ ഈ സിനിമ ഇപ്പോള്‍ ചെയ്യേണ്ട എന്നാണ്. കാരണം വളരെ സോഫ്റ്റ് ആയ കഥകള്‍ പറയുന്ന സംവിധായകന്‍ എന്നൊരു ഇമേജ് എനിക്ക് ഇതിനോടകം വന്നിട്ടുണ്ട്, അത് ഉടനെ മാറ്റേണ്ട എന്നായിരുന്നു അവരുടെ ഉപദേശം. പക്ഷെ എനിക്ക് ഇപ്പോള്‍ ഈ കഥ തന്നെയാണ് ചെയ്യേണ്ടിയിരുന്നത്. ഫഹദിനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇത് ഒരുപാട് ഇഷ്ടമായി'- പ്രേംകുമാര്‍ പറഞ്ഞു.
ശിവദ നായികയാകുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പ്രേംകുമാറിന്റെ സ്ഥിരം ഹിറ്റ് മേക്കറായ ഗോവിന്ദ് വസന്ത തന്നെയാണ്. കാര്‍ത്തിയും അരവിന്ദ് സാമിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'മെയ്യഴകന്‍' തിയറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിച്ചതിനുശേഷമാണു പ്രേംകുമാര്‍ പുതിയ പ്രോജക്ടിലേക്കു കടക്കുന്നത്. സൂര്യയും ജ്യോതികയും ചേര്‍ന്ന് നിര്‍മിച്ച മെയ്യഴകന്‍ ഇമോഷണല്‍ ഡ്രാമ വിഭാഗത്തില്‍ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
അതേസമയം, തമിഴില്‍ ശക്തമായ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന ഫഹദ് ഫാസിലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം സുധീഷ് ശങ്കര്‍ ഒരുക്കിയ 'മാരീസന്‍' ആയിരുന്നു. വടിവേലുവിനൊപ്പം ഫഹദ് തകര്‍ത്തഭിനയിച്ച ചിത്രം ബോക്‌സ്ഓഫീസില്‍ ഹിറ്റ് ആയിരുന്നു.
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ് പ്രോജക്ട് കൂടിയാണിത്. ഫീല്‍ ഗുഡ് ട്രാക്കില്‍നിന്ന് ആക്ഷന്‍ ട്രാക്കിലേക്കുള്ള പ്രേംകുമാറിന്റെ മാറ്റവും ഫഹദിന്റെ പ്രകടനവും ഒന്നിക്കുമ്പോള്‍ തിയേറ്ററുകളില്‍ ദൃശ്യവിരുന്നുതന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.