തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമയെ ഇളക്കിമറിച്ച പ്രിയ താരജോഡികളായ പ്രഭുദേവയും രംഭയും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കണ്ടുമുട്ടി. കാനഡയിലുള്ള രംഭയുടെ വസതിയിലായിരുന്നു അപൂര്‍വ സംഗമം. പ്രഭുദേവയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ രംഭ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ പഴയകാല ഓര്‍മകള്‍ പങ്കുവെച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
വീടിന്റെ പൂന്തോട്ടത്തിലും അടുത്തുള്ള തടാകക്കരയിലുമായി എടുത്ത മനോഹരമായ ചിത്രങ്ങളാണ് രംഭ പോസ്റ്റ് ചെയ്തിരിക്കുന്നത്. രംഭയുടെ ഭര്‍ത്താവ് ഇന്ദ്രകുമാര്‍ പത്മനാഥനും മക്കള്‍ക്കുമൊപ്പം പ്രഭുദേവയും കുടുംബവും നില്‍ക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. 'പ്രഭു മാസ്റ്റര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. അദ്ദേഹത്തോടും കുടുംബത്തോടുമൊപ്പം മനോഹരമായ സമയം ചെലവഴിക്കാന്‍ സാധിച്ചു. സന്തോഷം മാത്രം' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.
രംഭയുടെ പോസ്റ്റിന് താഴെ നടി ഖുശ്ബു സുന്ദര്‍ നല്‍കിയ കമന്റും ശ്രദ്ധേയമായി. നിങ്ങള്‍ ഇരുവരും ഒന്നിച്ചുള്ള ആ പഴയ നിമിഷങ്ങളെ വെല്ലാന്‍ മറ്റൊന്നിനുമാകില്ലെന്നായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. തൊണ്ണൂറുകളിലെ തെന്നിന്ത്യന്‍ വെള്ളിത്തിരയില്‍ തങ്ങളുടെ തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍ കൊണ്ടും മികച്ച സ്‌ക്രീന്‍ കെമിസ്ട്രി കൊണ്ടും പ്രേക്ഷകരുടെ മനം കവര്‍ന്ന ജോഡികളാണ് പ്രഭുദേവയും രംഭയും.
1992-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം 'സര്‍ഗ'ത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച രംഭ, പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലെ തിരക്കേറിയ നായികയായി മാറുകയായിരുന്നു. 2010-ല്‍ കനേഡിയന്‍ വ്യവസായിയായ ഇന്ദ്രകുമാര്‍ പത്മനാഥനുമായുള്ള വിവാഹശേഷം താരം ടൊറന്റോയിലേക്ക് താമസം മാറി. 2011-ന് ശേഷം അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായി രംഭ ഇപ്പോഴും സജീവമാണ്. നിലവില്‍ 'ജോഡി ആര്‍ യു റെഡി' സീസണ്‍ 2-ല്‍ വിധികര്‍ത്താവായി താരം എത്തുന്നുണ്ട്.