മാളവിക മോഹനന്‍ ഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Tamil

'പോക്കറ്റ് നോവല്‍' വിസ്മയം; കരിയറിലെ വലിയ ഭാഗ്യം:മാളവിക മോഹനന്‍

പപ്പപ്പ ഡസ്‌ക്‌

തെന്നിന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സൂപ്പര്‍ ഡീലക്‌സ്' എന്ന വിസ്മയ ചിത്രത്തിനു ശേഷം ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന 'പോക്കറ്റ് നോവല്‍'. ചിത്രത്തിലെ നായികാവേഷം കൈകാര്യം ചെയ്യുന്ന മാളവിക മോഹനന്‍, പോക്കറ്റ് നോവലിലെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ത്യാഗരാജന്‍ കുമാരരാജയ്ക്കൊപ്പമുള്ള പ്രോജക്ട് തന്റെ കരിയറിലെ മികച്ച അനുഭവമെന്ന് മാളവിക കുറിച്ചു.

'നമ്മുടെ തലമുറയിലെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് ത്യാഗരാജന്‍ കുമാരരാജ. അദ്ദേഹത്തിന്റെ സംവിധാനശൈലി നേരിട്ടു കണ്ടതും എന്റെ കഥാപാത്രത്തെ അദ്ദേഹം ആവിഷ്‌കരിച്ചതും കരിയറിലെ ഏറ്റവും സവിശേഷമായ ക്രിയേറ്റീവ് അനുഭവങ്ങളില്‍ ഒന്നാണ്'- മാളവിക പറയുന്നു.

മാളവിക മോഹനന്‍

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ താന്‍ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ചും മാളവിക തുറന്നുപറഞ്ഞു. പോക്കറ്റ് നോവലിന്റെ ചിത്രീകരണത്തിനായി ചെന്നൈയില്‍ തങ്ങിയപ്പോള്‍ വീടിനെക്കുറിച്ചുള്ള ഓര്‍മകള്‍ എന്നെ വല്ലാതെ അലട്ടിയിരുന്നു. ജോലി അതിശയിപ്പിക്കുന്നതായിരുന്നെങ്കിലും, വീട്ടില്‍നിന്നു മാറി നില്‍ക്കുന്നത് തളര്‍ത്തി. ഷൂട്ടിങ് കഴിഞ്ഞ് ശൂന്യമായ ഒരു മുറിയിലേക്ക് തിരികെവരുന്നത് എത്ര ശീലിച്ചാലും എളുപ്പമാകില്ല. ഈ സമയത്ത് ഞാന്‍ വലിയ രീതിയില്‍ ഏകാന്തത അനുഭവിച്ചിരുന്നു- മാളവിക തുറന്നുപറഞ്ഞു.

മാളവിക മോഹനന്‍

എന്നാല്‍ തന്റെ കുടുംബം ചെന്നൈയിലേക്ക് എത്തിയത് ആശ്വാസമായെന്നും താരം കൂട്ടിച്ചേര്‍ത്തു. സാധാരണയായി യാത്രകള്‍ ചെയ്യാത്ത തന്റെ മുത്തശ്ശി കൂടി എത്തിയതോടെ താന്‍ ഏറെ സന്തോഷവതിയായി. കുടുംബത്തോടൊപ്പം ചെന്നൈയിലെയും മഹാബലിപുരത്തെയും ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയതും ദ്രാവിഡമണ്ണിന്റെ തനതു രുചിക്കൂട്ടുകള്‍ ആസ്വദിച്ചതും വലിയ അനുഭവമായെന്നും മാളവിക പറഞ്ഞു.

വിജയ് സേതുപതി, കിഷോര്‍, രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.'സൂപ്പര്‍ ഡീലക്‌സിനു ശേഷം വിജയ് സേതുപതിയും ത്യാഗരാജന്‍ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.