'ബെൻസ്' ക്യാരക്ടർ പ്രൊമോ വീഡിയോയിൽ നിവിൻ പോളി സ്ക്രീൻ​ഗ്രാബ്
Tamil

ബെൻസും എൽസിയുവും...ഡെഡ്ലി കോമ്പിനേഷൻ തന്നെയെന്ന് ഉറപ്പിച്ച് നിവിൻപോളി

പപ്പപ്പ ഡസ്‌ക്‌

രാഘവ ലോറന്‍സ് നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം 'ബെന്‍സി'ലെ കഥാപാത്രങ്ങളെക്കുറിച്ച് മനസുതുറന്ന് മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളി. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ (എല്‍സിയു) ഭാഗമായി ഒരുങ്ങുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് നിവിന്‍ പോളി എത്തുന്നത്. ഒരു പരിപാടിയിലാണ് തന്റെ കഥാപാത്രമായ 'വാള്‍ട്ടറിന്' ഡില്ലിയുമായും റോളക്‌സുമായും ബന്ധമുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് താരം മറുപടി നല്‍കിയത്.

'അതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. എങ്കിലും ഇതൊരു എല്‍സിയു ചിത്രം തന്നെയാണ്. കഥാപാത്രങ്ങളെല്ലാം ആ യൂണിവേഴ്‌സില്‍ നിലനില്‍ക്കുന്നുമുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലും എല്‍സിയുവിന് വന്‍ ആരാധകവൃന്ദമുണ്ട്. ഞാന്‍ ഡില്ലിയുടെയും റോളക്‌സിന്റെയും വലിയൊരു ആരാധകനാണ്. ആ ഘടകങ്ങളെല്ലാം സിനിമയിലുണ്ട്, ഇത്രയുമാണ് ഇപ്പോള്‍ പറയാന്‍ കഴിയൂ...' നിവിന്‍ വ്യക്തമാക്കി.

'ബെൻസ്' ക്യാരക്ടർ പ്രൊമോ വീഡിയോയിൽ നിവിൻ പോളി

ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. രാഘവ ലോറന്‍സ് നായകനായും നിവിന്‍ പോളി വില്ലനായും എത്തുന്ന ചിത്രത്തില്‍ 'വാത്തി' ഫെയിം സംയുക്തയാണ് നായിക. രവി മോഹനും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. 'കൈതി', 'വിക്രം', 'ലിയോ' എന്നീ ചിത്രങ്ങള്‍ക്കുശേഷം എല്‍സിയു യൂണിവേഴ്‌സിലേക്ക് എത്തുന്ന നാലാമത്തെ ചിത്രമാണ് 'ബെന്‍സ്'.