രോമാഞ്ചം, ആവേശം എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ തമിഴിലേക്ക് ചുവടുവയ്ക്കുകയാണ് യുവതാരം നസ്‌ലിന്‍. സൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് നസ്‌ലിന്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയില്‍, തന്റെ ആദ്യ തമിഴ് സിനിമാ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. സൂര്യ 47 എന്നാണ് ചിത്രത്തിന് താത്കാലികമായി പേര് നൽകിയിരിക്കുന്നത്.
തമിഴ് ഭാഷ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് തുടക്കത്തില്‍ വലിയ ആശങ്കയുണ്ടായിരുന്നുവെന്ന് നസ്‌ലിന്‍ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'തമിഴ് എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ച് എനിക്ക് ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ ലൊക്കേഷന്‍ തികച്ചും കംഫര്‍ട്ടബിള്‍ ആയിരുന്നു. നന്നായി പെര്‍ഫോം ചെയ്യാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും സെറ്റില്‍ ലഭിച്ചു. എന്റെ തമിഴ് ഡയലോഗ് ഡെലിവറി കണ്ട് സൂര്യ സാര്‍ എന്നെ അഭിനന്ദിക്കുകയും ചെയ്തു.'-നസ്‌ലിന്‍ പറഞ്ഞു.
ജൂണ്‍ അവസാനംവരെ ചിത്രത്തിന്റെ ഷൂട്ടിങ് നീളുമെന്നും തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ പ്രൊസസ് ഏറെ ആസ്വദിക്കുന്നുണ്ടെന്നും നസ്‌ലിന്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ നസ്രിയയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജിത്തു മാധവന്റെയും ആദ്യ തമിഴ് ചിത്രമാണിത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഒരു ഹിറ്റ് പാട്ടിന്റെ പശ്ചാത്തലത്തില്‍ സൂര്യയുടെ മാസ് ഫൈറ്റ് സീന്‍ ഉണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് താരം പ്രതികരിച്ചു. 'എനിക്ക് അതിനെക്കുറിച്ച് അറിയില്ല, ഒരുപക്ഷേ ഞാന്‍ അമല്‍ നീരദ് ചിത്രത്തിന്റെ തിരക്കിലായിരുന്ന സമയത്ത് അവര്‍ അത് ഷൂട്ട് ചെയ്തിട്ടുണ്ടാകാം.'-നസ്‌ലിന്‍ പറഞ്ഞു.
തമിഴ് അരങ്ങേറ്റത്തിന് പുറമെ മലയാളത്തിലും വലിയ പ്രോജക്ടുകളാണ് നസ്‌ലിന്റേതായി വരാനിരിക്കുന്നത്. 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' സംവിധായകൻ അഭിനവ് സുന്ദര്‍ നായകിന്റെ 'മോളിവുഡ് ടൈംസ്' ആണ് അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രം ജൂണ്‍ 5-ന് തിയേറ്ററുകളിലെത്തും. കൂടാതെ, അമല്‍ നീരദ്-സൗബിന്‍ ഷാഹിര്‍ കൂട്ടുകെട്ടിലിറങ്ങുന്ന 'ബാച്ചിലര്‍ പാര്‍ട്ടി ഡ്യൂക്‌സ്', ആസിഫ് അലിക്കൊപ്പമുള്ള 'ടികി ടാക്ക', ഫഹദ് ഫാസിലും അര്‍ജുന്‍ ദാസും ഒന്നിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രം 'ടോര്‍പ്പിഡോ' എന്നിവയിലും നസ്‌ലിന്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.