നയൻ താര, 'ധർമൻ' ഫസ്റ്റ്ലുക്ക് പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Tamil

'ധർമനി'ൽ നയൻ താരയും; അഞ്ചുവർഷത്തിനുശേഷം രജനികാന്തിനൊപ്പം

പപ്പപ്പ റിപ്പോര്‍ട്ടര്‍

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ധര്‍മനി'ല്‍ പ്രമുഖ താരം നയന്‍താരയും എത്തുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നയന്‍താര രജനികാന്തിനൊപ്പം അഭിനയിക്കുന്നത്. ഉലകനായകന്‍ കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

'ചന്ദ്രമുഖി', 'കുചേലന്‍', 'ദര്‍ബാര്‍', 'അണ്ണാത്തെ' തുടങ്ങി നിരവധി ചിത്രങ്ങളില്‍ രജനികാന്തും നയന്‍താരയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 'ശിവാജി' എന്ന സിനിമയിലെ 'ബല്ലൈലക്ക' ഗാനത്തിലും നയന്‍താര അതിഥി വേഷത്തില്‍ എത്തിയിരുന്നു. അശ്വത് മരിമുത്തു സംവിധാനം ചെയ്യുന്ന 'ധര്‍മന്‍' ആക്ഷന്‍ ഡ്രാമയായാണ് ഒരുങ്ങുന്നത്. ചിത്രത്തില്‍ രജനികാന്ത് ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ മൂന്ന് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

നയൻ താരയും രജനികാന്തും 'ദർബാർ' എന്ന ചിത്രത്തിൽ

സിമ്രാന്‍, യോഗി ബാബു, റാഷി ഖന്ന തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അനിരുദ്ധ് സംഗീതം നല്‍കുന്ന ഏഴാമത്തെ രജനികാന്തിന്റെ സിനിമയാണിത്. നിഖേത് ബോമ്മി ഛായാഗ്രഹണവും പ്രദീപ് ഇ. രാഘവ് എഡിറ്റിങ്ങും നിർവഹിക്കുന്നു.