ഭരത് മോഹൻലാലിനൊപ്പം(ഫയൽഫോട്ടോ) കടപ്പാട് ഭരത് ഫേസ്ബുക്ക് പേജ്
Tamil

'സ്വിച്ച്ഓണ്‍-സ്വിച്ച്ഓഫ്': ലാലേട്ടനില്‍നിന്നു പഠിച്ച 'രസതന്ത്ര'ത്തെക്കുറിച്ച് ഭരത്

പപ്പപ്പ ഡസ്‌ക്‌

ക്യാമറയ്ക്കു മുന്നിലെത്തിയാല്‍ നിമിഷനേരംകൊണ്ടു കഥാപാത്രമായി മാറുകയും 'കട്ട്' പറഞ്ഞാല്‍ ഉടന്‍ തന്നെ സാധാരണ നിലയിലേക്കു തിരിച്ചുവരുകയും ചെയ്യുന്ന മോഹന്‍ലാലിന്റെ അസാധ്യമായ കഴിവിനെ, അഭിനയപാഠമാക്കിയതിനെക്കുറിച്ച് നടന്‍ ഭരത്. ഒരു സിനിമാമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനൊപ്പമുള്ള തന്റെ അനുഭവം ഭരത് പങ്കുവച്ചത്.

'കൂതറ' എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോഴാണു സവിശേഷമായ അഭിനയശൈലി താന്‍ നേരിട്ടുകണ്ടു മനസിലാക്കിയതെന്ന് ഭരത് പറഞ്ഞു. 'മോഹന്‍ലാല്‍ സാറിന്റെ വലിയൊരു ആരാധകനാണ് ഞാന്‍. അദ്ദേഹം എങ്ങനെയാണ് ഒരു കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. 'സ്റ്റാര്‍ട്ട് ക്യാമറ' എന്ന് കേള്‍ക്കുന്ന നിമിഷം അദ്ദേഹം കഥാപാത്രമായി മാറും. 'കട്ട്' പറഞ്ഞാല്‍ ഉടന്‍ തന്നെ അദ്ദേഹം പഴയ മോഹന്‍ലാലായി തിരികെ വരും. ഈ 'സ്വിച്ച് ഓണ്‍ - സ്വിച്ച് ഓഫ്' രീതിയാണ് എനിക്ക് ഏറ്റവും വലിയ പാഠമായത്'-ഭരത് വെളിപ്പെടുത്തി.

ഭരത്

അഭിനയം, ജീവിതവുമായി കൂട്ടിക്കുഴയ്ക്കാതിരിക്കാനുള്ള ജന്മസിദ്ധമായ കഴിവ് തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയിലെ കഥാപാത്രങ്ങളുടെ തുടര്‍ച്ച നിലനിര്‍ത്താന്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും വീട്ടിലേക്കു കഥാപാത്രങ്ങളെ കൊണ്ടുപോകാറില്ലെന്ന് ഭരത് വ്യക്തമാക്കി. ഒരു സിനിമയുടെ ടീമിനോട് വൈകാരികമായ അടുപ്പം തോന്നാറുണ്ടെങ്കിലും കഥാപാത്രമായി തന്നെ ജീവിക്കുന്ന രീതി തനിക്കില്ല. ഓരോ നടനും അവരവരുടേതായ രീതികളുണ്ടാകുമെന്നും ഭരത് പറഞ്ഞു.

നേരത്തെ നടൻ സിദ്ദിഖും സംവിധായകൻ പ്രിയദർശനും ഉള്‍പ്പെടെയുള്ളവര്‍ മോഹന്‍ലാലിനെക്കുറിച്ച് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. 'ദൃശ്യം' സിനിമയുടെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനു തൊട്ടുമുമ്പുവരെ സെറ്റില്‍ തമാശ പറഞ്ഞു ചിരിച്ചിരുന്ന മോഹന്‍ലാല്‍, ക്യാമറ ഓണ്‍ ചെയ്തപ്പോള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ വികാരാധീനനായ ജോര്‍ജുകുട്ടിയായി മാറിയത് എല്ലാവരെയും അദ്ഭുതപ്പെടുത്തിയെന്ന് സിദ്ദിഖ് പലവട്ടം പറഞ്ഞിട്ടുണ്ട്.